കൊച്ചി: എംജി സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് നേട്ടം. തെരഞ്ഞെടുപ്പ് നടന്ന 117 കോളേജുകളിൽ 98 ഇടത്തും എസ്എഫ്ഐ യൂണിയന് നേടി. കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് പ്രധാന നേട്ടം.
കോട്ടയം ജില്ലയിൽ 32 കോളേജുകളിൽ 27 ഇടത്തും പത്തനംതിട്ടയിൽ 16ൽ 15 ഇടത്തും എറണാകുളത്ത് 41ൽ 33 ഇടത്തും ഇടുക്കിയിൽ 27ൽ 22 ഇടത്തുമാണ് എസ്എഫ്ഐ വിജയിച്ചത്. ആലുവ യുസി കോളേജ് ആറു വർഷത്തിന് ശേഷം എസ്എഫ്ഐ കെഎസ്യുവിൽ നിന്ന് തിരിച്ചുപിടിച്ചു.
കോട്ടയം സിഎംഎസ് കോളേജും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജും എസ്എഫ്ഐ തിരിച്ചുപിടിച്ചു. അരുവിത്തുറ സെന്റ് ജോർജ് കോളേജ്, പുലരിക്കുന്ന് സ്റ്റാർസ് കോളേജ് എന്നിവിടങ്ങളിലും എസ്എഫ്ഐ വിജയിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. തുടർച്ചയായ നാലാം തവണയാണ് മഹാരാജാസിൽ എസ്എഫ്ഐയുടെ സമ്പൂർണ വിജയം.
അതേസമയം, തേവര എസ്.എച്ച് കോളേജിൽ ആറാം തവണയും കെഎസ്യു വിജയിച്ചു. ബസേലിയസ് കോളേജിലും കെഎസ്യു നിലനിന്നു. പെരുന്താനം സെന്റ് ആന്റണീസ് കോളേജ് എസ്എഫ്ഐയിൽ നിന്ന് കെഎസ്യു തിരിച്ചുപിടിച്ചു.
കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ തെരഞ്ഞെടുപ്പ് ഫലം തടഞ്ഞുവെച്ചു. സർവകലാശാല വൈസ് ചാൻസലറുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് നടപടി. കെഎസ്യു വിദ്യാർഥികൾ നാമനിർദേശപത്രിക സമർപ്പിക്കാൻ വൈകിയതിനെ തുടർന്നാണ് തർക്കമുണ്ടായത്. തുടർന്ന് ക്യാമ്പസിൽ എസ്എഫ്ഐ– കെഎസ്യു സംഘർഷമുണ്ടായി. കെഎസ്യു ജില്ലാ അധ്യക്ഷൻ നൈസാമിന് തലയ്ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.




