പത്തനംതിട്ട: ശബരിമലയിലെ കടമുറി ടെൻഡർ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ശക്തമായ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. വിഷയത്തിൽ സംഘടിത ബ്ലാക്ക്‌മെയിലിങ്ങിന് വഴങ്ങില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടെൻഡർ വിവരങ്ങൾ ചോരുന്നത് അത്ഭുതകരമായ കാര്യമല്ലെന്നും ദേവസ്വം ബോർഡിൽനിന്ന് പല വിവരങ്ങളും ഇത്തരത്തിൽ ചോരുന്നുണ്ടെന്നും കെ ജയകുമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിജിലൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെൻഡർ വിവരങ്ങൾ കരാറുകാർക്ക് ചോർന്നതിനെ തുടർന്ന് ശബരിമലയിലെ കടമുറികളുടെ ടെൻഡർ നടപടികൾ നേരത്തെ റദ്ദാക്കിയിരുന്നു. തുടർന്ന് സന്നിധാനത്തെ 210 കടമുറികൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് റീ-ടെൻഡർ ക്ഷണിച്ചു.
ടെൻഡർ വിവരങ്ങൾ കരാറുകാർക്ക് ചോർന്ന സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം.
ആന്ധ്രാപ്രദേശിൽ ഉണ്ടായിരുന്ന ദേവസ്വം വിജിലൻസ് എസ്.പി സ്ഥലത്തെത്തിയാണ് അന്വേഷണം നടത്തിയത്. സംഭവത്തിൽ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.




