തിരക്കായതിനാൽ, യാത്രയിൽ, ജോലിക്കിടയിൽ എഴുന്നേറ്റ് പോകാനുള്ള മടി തുടങ്ങിയ കാരണങ്ങൾ കൊണ്ട് പലരും മൂത്രം പിടിച്ചുവയ്ക്കുന്ന സ്വഭാവമുണ്ട്. ഇടയ്ക്കൊക്കെ ഇങ്ങനെ സംഭവിക്കുന്നത് സാധാരണയായി വലിയ പ്രശ്നമാകണമെന്നില്ല. എന്നാൽ പതിവായി മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം മൂത്രാശയത്തിന്റെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന് അറിയുക.
ശരീരം പുറന്തള്ളുന്ന മാലിന്യമാണ് മൂത്രം. വൃക്കകൾ ഉൽപാദിപ്പിക്കുന്ന മൂത്രം മൂത്രാശയത്തിൽ ശേഖരിക്കപ്പെടുകയും നിറയുമ്പോൾ തലച്ചോറിലേക്ക് മൂത്രമൊഴിക്കണമെന്ന സന്ദേശം നൽകുകയും ചെയ്യുന്നു. ആവശ്യമായ സമയത്ത് മൂത്രമൊഴിക്കാതെ നിരന്തരം പിടിച്ചുവയ്ക്കുന്നത് ഈ സ്വാഭാവിക സംവിധാനത്തെ ബാധിക്കുന്നു. പേശികൾ കൊണ്ട് നിർമിച്ചിരിക്കുന്ന സഞ്ചി പോലെയാണ് മൂത്രാശയം. വൃക്കകളിൽ നിന്ന് മൂത്രം എത്തുമ്പോൾ മൂത്രാശയം പതുക്കെ വികസിക്കുന്നു. മൂത്രാശയം നിറയുന്നതിനനുസരിച്ച് മൂത്രമൊഴിക്കണമെന്ന തോന്നൽ ഉണ്ടാകും.
ഈ ശീലം മൂത്രാശയത്തെ അമിതമായി വലിച്ചുനീട്ടുന്ന സാഹചര്യം സൃഷ്ടിക്കാം. കാലക്രമേണ ചിലരിൽ മൂത്രാശയത്തിന് മൂത്രം ശരിയായി പുറത്തേക്ക് തള്ളാൻ ബുദ്ധിമുട്ടുണ്ടാകാം. ഇതിനെ urinary retention എന്ന് വിളിക്കും.
മൂത്രമൊഴിച്ചുകഴിഞ്ഞിട്ടും ഇനിയും മൂത്രമുണ്ടെന്ന തോന്നൽ, കുറച്ച് മാത്രം മൂത്രം പോകുക, മൂത്രം പോകാൻ ബുദ്ധിമുട്ടുക തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇവ പ്രോസ്റ്റേറ്റ് വലുതാകൽ, മൂത്രനാളത്തിലെ തടസ്സം, അണുബാധ, നാഡീസംബന്ധമായ പ്രശ്നങ്ങളുടെ ഒക്കെ ലക്ഷണമാകാം.
മൂത്രം മൂത്രാശയത്തിൽ കൂടുതൽ നേരം കെട്ടിക്കിടക്കുമ്പോൾ സാധാരണയായി മൂത്രമൊഴിക്കുമ്പോൾ പുറത്തേക്ക് ഒഴുകിപ്പോകേണ്ട ബാക്ടീരിയകൾക്ക് വളരാൻ തുടങ്ങുന്നു. അതുകൊണ്ടുതന്നെ മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം UTI അഥവാ urinary tract infection ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.




