കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കടത്തും വിൽപ്പനയും ഉപയോഗവും തടയുന്നതിനായി നടത്തിയ പരിശോധനയിൽ 12 പേർ അറസ്റ്റിൽ. എട്ട് വ്യത്യസ്ത കേസുകളിലായാണ് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 2,565 ലിറിക്ക ഗുളികകൾ, 1.7 കിലോഗ്രാം ഹാഷിഷ്, 850 ഗ്രാം ക്രിസ്റ്റൽ മെത്ത്, 100 ഗ്രാം ഹാഷിഷ് ഓയിൽ, 100 സൈക്കോട്രോപിക് ഗുളികകൾ എന്നിവ പിടിച്ചെടുത്തു.
ഇതിന് പുറമെ രാസലായനി പുരട്ടിയ 40 ഷീറ്റുകൾ, 83 കുപ്പി പ്രാദേശികമായി നിർമ്മിച്ച മദ്യം, ലിറിക്ക പൗഡർ, ആറ് തൂക്കയന്ത്രങ്ങൾ എന്നിവയും കണ്ടെത്തി. പരിശോധനയിൽ ഒരു തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു. ലഹരി വിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന 5,790 കുവൈത്ത് ദിനാർ പണവും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ ലഹരിവിരുദ്ധ വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.




