എറണാകുളം: കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ 91കാരന് ഗുരുതര പരിക്ക്. തട്ടേക്കാട് സ്വദേശി ശങ്കരനാണ് പരിക്കേറ്റത്. വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ശങ്കരന്റെ വീടുൾപ്പെടെ ആറ് വീടുകളാണ് വനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നത്.
രാവിലെ വീടുകൾക്ക് മുന്നിൽ കാട്ടാന എത്തിയതോടെ നാട്ടുകാർ ഭയന്ന് ബഹളം വെച്ചിരുന്നു. ശബ്ദം കേട്ട് വീടിനുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ശങ്കരൻ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടാന ആക്രമിച്ചു.
ആക്രമണത്തിൽ കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശങ്കരനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നും പകൽസമയത്തുപോലും കാട്ടാനകൾ ജനവാസമേഖലയിൽ എത്തുന്നുണ്ടെന്നും പ്രദേശവാസികൾ ആരോപിച്ചു.




