ന്യൂഡൽഹി: ഭാര്യയ്ക്ക് ജോലി ഉണ്ടായിരിക്കെ ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാമോ എന്ന കേസിനിടെ ഫേസ്ബുക്കിലൂടെ ജഡ്ജിമാർക്കും ജുഡീഷ്യറിക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ മലയാളിക്കെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ച് സുപ്രീംകോടതി.
മലപ്പുറം സ്വദേശി ജയപ്രകാശ് ഇ.പിയും പത്തനംതിട്ട സ്വദേശിയായ ഭാര്യ ഷേണിയും തമ്മിലുള്ള വിവാഹമോചനക്കേസാണ് സുപ്രീംകോടതിയിലെത്തിയത്. തിരുവല്ല കുടുംബക്കോടതി ഭാര്യയ്ക്ക് ജീവനാംശം ആവശ്യപ്പെടാനാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി, ഭാര്യയുടെ ജോലി താൽക്കാലികമാണെന്ന് ചൂണ്ടിക്കാട്ടി ജീവനാംശത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കുകയും തുക തീരുമാനിക്കാൻ കുടുംബക്കോടതിക്ക് നിർദേശം നൽകുകയും ചെയ്തു. ഇതിനെതിരെയാണ് ജയപ്രകാശ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസിനിടെ ജയപ്രകാശ് ഫേസ്ബുക്കിലൂടെ ജഡ്ജിമാർക്കും ജുഡീഷ്യറിക്കുമെതിരെ നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായി ഭാര്യ കോടതിയെ അറിയിച്ചു. 2023ൽ വിധി പറയാൻ വൈകിയെന്നാരോപിച്ച് തിരുവല്ല കുടുംബക്കോടതി ജഡ്ജിയുടെ വാഹനം തകർത്ത കേസിലെ പ്രതിയാണെന്നും അവർ കോടതിയെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റുകൾ പരിശോധിച്ച ജസ്റ്റിസുമാരായ എ. അമാനുള്ള, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് ജയപ്രകാശിന്റെ പ്രതികരണങ്ങൾ പരിധി വിട്ടതാണെന്ന് നിരീക്ഷിച്ചു. ഹൈക്കോടതി ജഡ്ജിക്കെതിരെ ഉൾപ്പെടെ മോശമായ ഭാഷ ഉപയോഗിച്ചതിലും കോടതി കടുത്ത വിമർശനം രേഖപ്പെടുത്തി.
തുടർന്ന് ഫേസ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ ജയപ്രകാശിനെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. നവംബറിൽ നേരിട്ട് കോടതിയിൽ ഹാജരാകാനും നിർദേശം നൽകി. കൂടാതെ ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.




