ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന രീതി ചോദ്യം ചെയ്ത് പ്രതിപക്ഷം കോടതിയെ സമീപിക്കും. നിയമന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെ ഇന്ത്യ സഖ്യത്തിലെ കക്ഷികൾ ഒന്നടങ്കം ചോദ്യം ചെയ്യും. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പൊതുതാൽപര്യ ഹർജി അഞ്ചംഗ ബെഞ്ചിന് വിട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർന്നുവെന്ന വാദമുയർത്തിയാണ് പ്രതിപക്ഷം ഹർജി നൽകുക. അതേസമയം, കോക്ക്റോച്ച് ജനതാ പാർട്ടിയെ കൂടി ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കുന്നതിനോട് ചില കക്ഷികൾക്ക് എതിർപ്പുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഗ്യാനേഷ് കുമാറിനെ പിന്തുണച്ച് പ്രതിരോധം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. കൂടുതൽ വാർത്താസമ്മേളനങ്ങളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ദേശീയ നേതാക്കൾ വിവിധ സംസ്ഥാനങ്ങളിലെത്തുകയും മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും വാർത്താസമ്മേളനങ്ങൾ നടത്തുകയും ചെയ്യും.
കേരളത്തിലടക്കം നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത അവകാശപ്പെടാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കഴിഞ്ഞ തദ്ദേശ, ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്കൊപ്പം വയനാട്ടിലെ ഫലവും ബിജെപി പ്രത്യേകം ഉയർത്തിക്കാട്ടും.
വോട്ടുകൊള്ളക്കെതിരെ ഒറ്റക്കെട്ടായി സംയുക്ത പ്രക്ഷോഭം നടത്തുമെന്ന് ഇന്ത്യ സഖ്യം അവകാശപ്പെടുമ്പോൾ, സഖ്യത്തിലെ ഭിന്നതകൾ ശക്തമായി ഉയർത്തിക്കാട്ടാനാണ് ബിജെപിയുടെ തീരുമാനം. സഖ്യത്തിൽ നിന്ന് പല പ്രമുഖ നേതാക്കളും വിട്ടുനിന്നത് പ്രചാരണ വിഷയമാക്കും. ഇന്നലെ നടന്ന യോഗത്തിൽ അരവിന്ദ് കെജ്രിവാളിന്റെയും എം.കെ. സ്റ്റാലിന്റെയും അസാന്നിധ്യവും ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു.
രാഹുൽ ഗാന്ധിയെ സഖ്യത്തിലെ കക്ഷികൾ നേതാവായി അംഗീകരിക്കുന്നില്ലെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. കുടുംബാധിപത്യം സംരക്ഷിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ മാർച്ചെന്നായിരുന്നു കേന്ദ്രമന്ത്രിമാരുടെ പരിഹാസം.




