കൊച്ചി: എറണാകുളം ജില്ലയിലെ 24 ഹൈസ്കൂളുകൾ കൂടുതൽ സ്മാർട്ടാക്കാൻ 1.24 കോടി രൂപയുടെ ധനസഹായവുമായി കൊച്ചിൻ ഷിപ്യാർഡ്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകൾക്കാണ് ധനസഹായം ലഭിക്കുക. സ്മാർട്ട് ക്ലാസ് മുറികൾ, ഐ.ടി. ലാബുകൾ, ഇന്ററാക്ടീവ് ഡിജിറ്റൽ ബോർഡുകൾ, ഹൈടെക് ഫർണിച്ചർ തുടങ്ങിയ സൗകര്യങ്ങൾ പദ്ധതിയുടെ ഭാഗമായി ഒരുക്കും.
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾക്ക് ആധുനിക ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമാക്കി പഠനനിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ കൊച്ചിൻ ഷിപ്യാർഡ് സി.എസ്.ആർ വിഭാഗം മേധാവി പി.എൻ. സമ്പത്ത്കുമാറും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിംപിൾ മാഗിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.




