തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന സമരം തുടരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനുമായി സമരസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരാൻ തീരുമാനിച്ചത്.
റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക, പുതിയ വിജ്ഞാപനം വൈകിപ്പിക്കുക, അധ്യാപക-വിദ്യാർഥി അനുപാതത്തിൽ മാറ്റം വരുത്തുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവച്ചത്. എന്നാൽ അധ്യാപക-വിദ്യാർഥി അനുപാതം സംബന്ധിച്ച ആവശ്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് സമരസമിതി നേതാക്കളുടെ ആരോപണം.
അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുന്നത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയതെന്ന് സമരസമിതി നേതാവ് വളർമതി പറഞ്ഞു. അനുപാതത്തിൽ മാറ്റം വരുത്താതെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയാലും ഉദ്യോഗാർഥികൾക്ക് പ്രയോജനമുണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.
നിലവിലെ 1:25 അധ്യാപക-വിദ്യാർഥി അനുപാതത്തിൽ മാറ്റം വരുത്താതെ റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനം ലഭിക്കില്ലെന്നാണ് ഉദ്യോഗാർഥികളുടെ നിലപാട്. സർക്കാർ സാമ്പത്തിക ബാധ്യത നേരിടാത്ത ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവച്ചതെന്നും വളർമതി പറഞ്ഞു.
2025 മെയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽനിന്ന് ഒരു വർഷം പിന്നിട്ടിട്ടും മതിയായ നിയമനം നടന്നിട്ടില്ലെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. പല ജില്ലകളിലും ഉയർന്ന റാങ്കിലുള്ളവർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്നും സമരസമിതി പറയുന്നു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതീകാത്മകമായി പുല്ലും മണ്ണും കഴിച്ചും ഉദ്യോഗാർഥികൾ പ്രതിഷേധിച്ചിരുന്നു. സമരസമിതി നേതാവ് വളർമതിയുടെ നിരാഹാര സമരവും 13 ദിവസം പിന്നിട്ടിരുന്നു.
45 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മന്ത്രിയും സമരസമിതിയും വീണ്ടും ചർച്ച നടത്തിയത്. എന്നാൽ പ്രധാന ആവശ്യങ്ങളിൽ ധാരണയിലെത്താൻ കഴിയാത്തതോടെ സമരം തുടരാൻ റാങ്ക് ഹോൾഡേഴ്സ് തീരുമാനിക്കുകയായിരുന്നു.



