രാജ്കോട്ട്: ഇൻസ്റ്റഗ്രാം റീൽ കണ്ട് വ്യാജനോട്ട് നിർമ്മിച്ച സംഭവത്തിൽ രാജ്കോട്ടിൽ പച്ചക്കറി വിൽപ്പനക്കാരൻ അറസ്റ്റിൽ. രാജ്കോട്ട് സിറ്റി ക്രൈംബ്രാഞ്ചും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കിഷൻ സോളങ്കി പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 100 രൂപയുടെ 216 വ്യാജനോട്ടുകളും 500 രൂപയുടെ മൂന്ന് വ്യാജനോട്ടുകളും ഉൾപ്പെടെ വ്യാജനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം ഏകദേശം 65,500 രൂപയാണെന്ന് പൊലീസ് അറിയിച്ചു.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, കുറഞ്ഞ വരുമാനവും കടബാധ്യതയും മൂലം സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കിഷൻ ഇൻസ്റ്റഗ്രാമിൽ വ്യാജനോട്ട് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട റീൽ കണ്ടതോടെയാണ് ഇതിലേക്ക് തിരിഞ്ഞതെന്നാണ് കണ്ടെത്തൽ. റീലുമായി ബന്ധപ്പെട്ട അക്കൗണ്ട് ഉടമയുമായി പിന്നീട് ടെലഗ്രാം വഴി ബന്ധപ്പെടുകയും വ്യാജനോട്ട് നിർമ്മിക്കുന്നതിനുള്ള പരിശീലനം നേടുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. പരിശീലനം നൽകിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
വ്യാജനോട്ടുകൾ മൊത്തമായി വിൽക്കുന്നതിന് പകരം വിവിധ സ്ഥലങ്ങളിൽ ചെറിയ ഇടപാടുകളിലൂടെ ഇയാൾ തന്നെയാണ് ഇവ പ്രചരിപ്പിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കഴിഞ്ഞ നാല് മുതൽ അഞ്ച് മാസത്തിനിടെ ഏകദേശം 40 വ്യാജ 100 രൂപ നോട്ടുകൾ വിവിധയിടങ്ങളിൽ ഉപയോഗിച്ചതായും പൊലീസ് പറയുന്നു. അടുത്തിടെ നടന്ന ജന്മാഷ്ടമി മേളയിലും ചെറിയ വാങ്ങലുകൾക്കായി വ്യാജനോട്ടുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ചെറിയ തുകയുടെ ഇടപാടുകളിൽ നോട്ടുകൾ വിശദമായി പരിശോധിക്കപ്പെടില്ലെന്ന കണക്കുകൂട്ടലിലായിരുന്നു വ്യാജനോട്ടുകൾ ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
വീട്ടിൽ നിന്ന് ഒരു സി.പി.യു, മോണിറ്റർ, രണ്ട് പ്രിന്ററുകൾ, ലാമിനേറ്റർ-ഹീറ്റർ ഉപകരണം, പേപ്പറുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഇയാൾ ഇതുവരെ എത്ര വ്യാജനോട്ടുകൾ നിർമ്മിച്ചു, എവിടെയെല്ലാം പ്രചരിപ്പിച്ചു, ഉപകരണങ്ങൾ എവിടെനിന്ന് ലഭിച്ചു, പരിശീലനം നൽകിയ വ്യക്തിക്ക് പുറമെ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
കോടതി കിഷൻ സോളങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.



