തിരുവനന്തപുരം: ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും നിയമനത്തിനുള്ള പൊലീസിലെ അഭിരുചി പരീക്ഷ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. പരീക്ഷ നടത്താതെ ക്രൈംബ്രാഞ്ച് മേധാവി സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയതാണ് വിവാദമായത്.
ക്രൈംബ്രാഞ്ചിലേക്കും സ്പെഷ്യൽ ബ്രാഞ്ചിലേക്കും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ഏഴ് വർഷമായി അഭിരുചി പരീക്ഷ നടത്തിവരുന്നുണ്ട്. എന്നാൽ ഇത്തവണ പരീക്ഷ നടത്താതെയാണ് ക്രൈംബ്രാഞ്ചിൽ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. ഭരണാനുകൂലികളായ പൊലീസുകാരെ പരീക്ഷയില്ലാതെ നിയമിക്കാനാണ് നീക്കമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനെതിരെ ഐജിമാരും എസ്പിമാരും പ്രതിഷേധവുമായി രംഗത്തെത്തി.
ഇന്റലിജൻസ് വിഭാഗത്തിലും ഇതുവരെ അഭിരുചി പരീക്ഷ നടത്തിയിട്ടില്ല. ഈ മാസം 30ന് പരീക്ഷ നടത്താനാണ് നിലവിലെ തീരുമാനം. എന്നാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദമുണ്ടെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, സമ്മർദം മറികടന്ന് വിജിലൻസ് വിഭാഗത്തിൽ അഭിരുചി പരീക്ഷ നടത്തിയതായാണ് വിവരം. സംഭവം പൊലീസിനുള്ളിൽ ചർച്ചയായിരിക്കുകയാണ്.




