കോട്ടയം: ദൃശ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശനെ അപമാനിച്ചെന്ന പരാതിയിൽ എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് കേസ്.
കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിയെയും അമ്മയെയും മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുകയും സ്പർധ വളർത്തി കലാപത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് പരാതിയിലെ ആരോപണം. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ലത ഒരു മാധ്യമത്തിലൂടെ മുഖ്യമന്ത്രിക്കെതിരെ പരാമർശങ്ങൾ നടത്തിയതെന്നാണ് പരാതി.
മുഖ്യമന്ത്രിയെ ലൈംഗികമായി അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ അമ്മയെ അപമാനിക്കുകയും ചെയ്തെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




