കണ്ണൂര്: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓർമ്മ ദിനത്തിൽ സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി മകൻ ബിനീഷ് കോടിയേരി. തനിക്കെതിരെ കള്ളക്കേസുകൾ വന്നപ്പോൾ പാർട്ടിയെ കവചമാക്കാൻ അച്ഛൻ ശ്രമിച്ചിരുന്നില്ലെന്ന് ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു. തലശ്ശേരിയിലെ അനുസ്മരണ പരിപാടിയിൽ പിണറായി വിജയനും, എം.വി ഗോവിന്ദനും പങ്കെടുക്കാത്തതിലും കോടിയേരിയുടെ കുടുംബത്തിന് അതൃപ്തിയുണ്ട്.
മാസപ്പടി കേസിൽ പിണറായിക്കും കുടുംബത്തിനും പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധം തീർക്കുന്ന സാഹചര്യത്തിലാണ് ബിനീഷിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയം. തനിക്കെതിരായ കേസുകളിൽ കോടിയേരി സ്വീകരിച്ച നിലപാടുകൾ ഓർമ്മപ്പെടുത്തുകയാണ് ബിനീഷ് കോടിയേരി. പാർട്ടിയുടെ പ്രതിച്ഛായ എക്കാലത്തും ഉയർത്തിപ്പിടിച്ച കോടിയേരിയുടെ ജീവിതം തെറ്റ് തിരുത്തൽ കാലത്തെ പ്രകാശമാണെന്ന് ബിനീഷ് കോടിയേരി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കോടിയേരിയുടെ ഓർമ്മകൾ വിസ്മൃതിയിലാഴ്ത്താൻ ശ്രമിച്ചാൽ കൂടുതൽ ഉയർന്നു നിൽക്കും. സിപിഎം ജനങ്ങളുടെ പാർട്ടിയാണ്, ഇത് ആരുടേയും സ്വകാര്യ സ്വത്തല്ലെന്നും ബിനീഷ് കോടിയേരി തുറന്നടിക്കുന്നു.




