മുള്ളൻപൂർ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് തിരിച്ചടി. പരിക്കേറ്റതിനെ തുടർന്ന് പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയെ അവസാന മത്സരത്തിൽ നിന്ന് ഒഴിവാക്കി.
ഗുവാഹത്തിയിൽ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് പ്രസിദ്ധിന് പരിക്കേറ്റത്. മത്സരത്തിൽ അഞ്ച് ഓവർ പന്തെറിഞ്ഞ താരം 45 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. പരിക്ക് സംബന്ധിച്ച് കൂടുതൽ പരിശോധനകൾക്ക് പ്രസിദ്ധ് വിധേയനാകുമെന്ന് ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാംശു കോട്ടക് അറിയിച്ചു. നിലവിൽ താരം മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
ശനിയാഴ്ച മുള്ളൻപൂരിലാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്നാം ഏകദിനം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കിയിട്ടുണ്ട്.
അവസാന ഏകദിനത്തിൽ പ്രസിദ്ധിന് പകരം മുഹമ്മദ് സിറാജോ നിതീഷ് കുമാർ റെഡ്ഡിയോ പ്ലേയിങ് ഇലവനിലെത്തിയേക്കും. ആദ്യ രണ്ട് മത്സരങ്ങളിലും സിറാജിന് അവസരം ലഭിച്ചിരുന്നില്ല. തിരുവനന്തപുരത്ത് നടന്ന ആദ്യ ഏകദിനത്തിൽ കളിച്ച നിതീഷ് കുമാർ റെഡ്ഡിക്ക് കാര്യമായ പ്രകടനം നടത്താനും കഴിഞ്ഞിരുന്നില്ല.
രണ്ടാം ഏകദിനത്തിൽ പ്രസിദ്ധ് കൃഷ്ണയ്ക്കൊപ്പം ആഖിബ് നബിയും ഗുർനൂർ ബ്രാറുമാണ് പേസ് ബൗളർമാരായി കളിച്ചത്. ഒക്ടോബർ ആറിന് ലഖ്നൗവിൽ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും പ്രസിദ്ധ് കൃഷ്ണ ഉൾപ്പെട്ടിട്ടില്ല.




