കോട്ടയം: യുഡിഎഫിന് വോട്ട് ചെയ്തവർ ഇപ്പോൾ വലിയ നിരാശയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ. യുഡിഎഫിൽ ഐക്യമില്ലെന്നും സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം പിന്നിടുമ്പോഴേക്കും തമ്മിലടി തുടങ്ങിയെന്നും അദ്ദേഹം വിമർശിച്ചു. നാലാം മാസം ആയപ്പോഴേക്കും ഭിന്നതകൾ തെരുവിലെത്തിയെന്നും ജയരാജൻ പറഞ്ഞു.
യുഡിഎഫ് കൺവീനർ തന്നെ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി പ്രതികരിക്കുന്ന സാഹചര്യമാണുള്ളത്. മുന്നണിക്ക് വോട്ട് ചെയ്ത ജനങ്ങളിൽ വലിയ അമർഷമുണ്ടെന്നും തങ്ങൾക്ക് പറ്റിയ തെറ്റ് തിരുത്തണമെന്ന് ജനങ്ങൾ ചിന്തിക്കുന്നതിന്റെ തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലമെന്നും പി. ജയരാജൻ പറഞ്ഞു.
കേരളത്തിലെ ക്യാമ്പസുകളിലെ എസ്എഫ്ഐയുടെ വിജയങ്ങൾ പുതുതലമുറയുടെ ഇടതുപക്ഷത്തോടും വർഗീയ വലതുപക്ഷത്തോടുമുള്ള സമീപനം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വർഗീയ വലതുപക്ഷ ഭരണത്തിന്റെ തണലിൽ കെഎസ്‌യു അക്രമം നടത്തുകയാണെന്നും ജയരാജൻ ആരോപിച്ചു.
കാവിവൽക്കരണ അജണ്ടകൾക്ക് വി.ഡി. സതീശന്റെ സർക്കാർ കൂട്ടുനിൽക്കുകയാണെന്നും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഭവങ്ങൾ കെഎസ്‌യുവിന്റെ ആക്രമണത്തിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണത്തിലിരിക്കുന്ന പാർട്ടി തന്നെ അക്രമത്തിന് പ്രോത്സാഹനം നൽകുകയാണെന്നും ജയരാജൻ പറഞ്ഞു.
സംഘപരിവാർ പ്രതിഷേധങ്ങളോട് മന്ത്രിമാർക്ക് എതിർപ്പില്ലെന്നും എന്നാൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തോട് വ്യത്യസ്ത സമീപനമാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്തെ സംഘർഷങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകിയെന്നും ജയരാജൻ പറഞ്ഞു.
ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടും പി. ജയരാജൻ ആരോപണം ഉന്നയിച്ചു. കെ. മുരളീധരൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത് കോർപ്പറേറ്റുകൾക്ക് ആരോഗ്യ മേഖല കൈമാറാനാണെന്നായിരുന്നു ആരോപണം. കോർപ്പറേറ്റ് സ്ഥാപനങ്ങൾ കേരളത്തിലെ ആരോഗ്യ മേഖലയെ കയ്യടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിനെ എതിർപ്പിക്കാതെ കേരളത്തിൽ ഭരണം നടത്തുകയാണ് വി.ഡി. സതീശന്റെ അജണ്ടയെന്നും ജയരാജൻ വിമർശിച്ചു. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




