കൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ–ബ്രസീൽ സൗഹൃദ ഫുട്‌ബോൾ മത്സരത്തിനായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുമായി പശ്ചിമ ബംഗാൾ സർക്കാർ. ഒക്ടോബർ മൂന്നിന് നടക്കുന്ന മത്സരത്തിൽ വൻ ജനക്കൂട്ടവും ബ്രസീൽ താരങ്ങളുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ഇന്ത്യയും ബ്രസീലും ആദ്യമായാണ് പരസ്പരം ഏറ്റുമുട്ടുന്നത്.
സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ പശ്ചിമ ബംഗാൾ ഡി.ജി.പി സിദ്ധ നാഥ് ഗുപ്ത അറിയിച്ചു. 2,500 പൊലീസ് ഉദ്യോഗസ്ഥരെയും 20 ഐ.പി.എസ് ഉദ്യോഗസ്ഥരെയും വിവിധ റാങ്കുകളിലുള്ള 200ഓളം ഓഫീസർമാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം നേരിടാൻ കേന്ദ്ര സേനയെയും റിസർവായി നിർത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ മൂന്ന് തലത്തിലുള്ള സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കാണികൾക്ക് ആദ്യമായി നമ്പറിട്ട സീറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട്. മത്സരം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും.
വിനീഷ്യസ് ജൂനിയർ, മാർക്വിന്യോസ്, ബ്രൂണോ ഗിമറയസ്, എൻഡ്രിക് തുടങ്ങിയ പ്രമുഖ താരങ്ങൾ ബ്രസീൽ നിരയിൽ അണിനിരക്കും.
മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് ശക്തമായ മുൻകരുതലുകൾ സ്വീകരിക്കുന്നത്. 2025 ഡിസംബറിൽ ‘ഗോട്ട് ഇന്ത്യ ടൂർ’ ഭാഗമായി ലയണൽ മെസ്സിയും ഇന്റർ മയാമി താരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയപ്പോൾ സംഘർഷമുണ്ടായിരുന്നു.
വി.ഐ.പികളും സെൽഫിയെടുക്കാൻ ശ്രമിച്ചവരും മെസ്സിയെ വളഞ്ഞതിനെ തുടർന്ന് 15 മിനിറ്റോളം മാത്രമാണ് താരം ഗ്രൗണ്ടിൽ ചെലവഴിച്ചത്. തുടർന്ന് പ്രതിഷേധിച്ച കാണികൾ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറുകയും സ്റ്റേഡിയത്തിലെ കസേരകളും ബാരിക്കേഡുകളും നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ചില പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.



