തിരുവനന്തപുരം: മലയാള സ്വതന്ത്ര ഡിജിറ്റൽ മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള യു.ഡി.എഫ് സർക്കാരിന്റെ ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് നോക്യാപിന് നേരിട്ട വിലക്കെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
സമൂഹമാധ്യമങ്ങളിലെ സെൻസർഷിപ്പിൽ സർക്കാരിന് പങ്കില്ലെന്ന് നിരന്തരം പറയുന്നതിനിടെയാണ് നോക്യാപിന്റെ ഫേസ്ബുക്ക് പേജിന് വിലക്ക് നേരിട്ടതെന്നും, സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണ് വിലക്കിന് പിന്നിലെന്ന് മെറ്റയുടെ വിശദീകരണത്തിലൂടെ വ്യക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിൽ നിന്നുള്ള നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നോക്യാപിന്റെ ഫേസ്ബുക്ക് പേജിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയതെന്നാണ് മെറ്റയിൽ നിന്ന് ലഭിച്ച വിശദീകരണം. നിയമവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഐ.ടി. ആക്ട്, 2000-ലെ സെക്ഷൻ 79(3)(ബി) പ്രകാരം സർക്കാർ മെറ്റയ്ക്ക് നൽകിയ നോട്ടീസിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് നോക്യാപ് ചീഫ് എഡിറ്റർ അലി ഹൈദർ അറിയിച്ചു.
എന്നാൽ നോക്യാപ് പ്രസിദ്ധീകരിച്ച ഏത് ഉള്ളടക്കമാണ് നിയമവിരുദ്ധമെന്ന് മെറ്റയോ സർക്കാരോ ഇതുവരെ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമർശനങ്ങളോടും മാധ്യമസ്വാതന്ത്ര്യത്തോടുമുള്ള സർക്കാരിന്റെ അസഹിഷ്ണുതയാണ് സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. നരേന്ദ്ര മോദിയും സംഘപരിവാറും നടത്തുന്ന മാധ്യമവേട്ടയ്ക്ക് സമാനമായ നടപടികളാണ് കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെയും യു.ഡി.എഫ് സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് മാധ്യമങ്ങളുടെ കടമയാണെന്നും എതിർസ്വരങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. വിലക്കിന് പിന്നാലെ പുതിയ പേജിലൂടെ മാധ്യമപ്രവർത്തനം തുടരാൻ തീരുമാനിച്ച നോക്യാപ് ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു.




