രാജകുമാരി: ഓഫിസിലെ തിരക്കുകളിൽ നിന്നു മാറി പ്രകൃതി ഭംഗം ആസ്വധിച്ച് ജോലി ചെയ്യാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എന്നാലിതാ ആനയിറങ്കൽ ഡാമിന്റെയും സമീപപ്രദേശങ്ങളിലെ തേയിലക്കുന്നുകളുടെയും നയനമനോഹരമായ കാഴ്ച്ചകളാസ്വദിച്ചു ജോലി ചെയ്യാൻ സൂര്യനെല്ലിയിൽ സൗകര്യമാെരുക്കി കേരള വനം വികസന കോർപറേഷൻ. പ്രകൃതിയോടും യാത്രകളോടുമുള്ള ആളുകളുടെ താൽപര്യം കണക്കിലെടുത്ത് കെഎഫ്ഡിസി പുതുതായി ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം പദ്ധതിയുടെ ഭാഗമായാണു സൂര്യനെല്ലിയിലെ ആനയിറങ്കൽ ക്യാംപിൽ വർക്കേഷൻ സൗകര്യമാെരുക്കിയിരിക്കുന്നത്.
സൂര്യനെല്ലി കൂടാതെ പത്തനംതിട്ട ജില്ലയിലെ ഗവിയിലാണു കെഎഫ്ഡിസിയുടെ വർക്കേഷൻ സൗകര്യമുള്ളത്. 4 പകലും 3 രാത്രിയും ദൈർഘ്യമുള്ള പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. 2 പേർക്ക് ഭക്ഷണം, ഇന്റർനെറ്റ് സൗകര്യമുൾപ്പെടെ 14,000 രൂപയാണ് നിരക്ക്. ആനയിറങ്കൽ ക്യാംപിൽ 3 മുറികളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഈ പദ്ധതി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തിരുന്നു. കെഎഫ്ഡിസി വെബ്സൈറ്റിലൂടെയാണ് ബുക്കിങ് സ്വീകരിക്കുന്നത്.



