കൊച്ചി: പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്) ടിസിഎൽ സെറാമിക്സ് കമ്പനിയിൽ അറ്റകുറ്റപ്പണിക്കിടെ മേൽക്കൂര തകർന്നുവീണ് കരാർ തൊഴിലാളി മരിച്ചു. ഉദയംപേരൂർ കൂട്ടുങ്കൽ സ്വദേശി കെ.വി. അംബരീഷ് (36) ആണ് മരിച്ചത്. അപകടത്തിൽ ബന്ധുവായ വിഷ്ണു (27)ന് ഗുരുതരമായി പരിക്കേറ്റു. വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് അപകടമുണ്ടായത്. പ്ലാന്റിന് മുകളിലെ പഴയ ആസ്ബസ്റ്റോസ് ഷീറ്റുകൾ മാറ്റുന്നതിനായി മേൽക്കൂരയിൽ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. മേൽക്കൂര തകർന്നതോടെ ഇരുവരും ഏകദേശം 25 അടി ഉയരത്തിൽ നിന്ന് പ്ലാന്റിനുള്ളിലെ യന്ത്രങ്ങൾ സ്ഥാപിച്ചിരുന്ന സിമന്റ് തറയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അംബരീഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അപകടസമയത്ത് പ്ലാന്റിനുള്ളിൽ ജോലി ചെയ്തിരുന്ന മറ്റ് തൊഴിലാളികൾ ചായ കുടിക്കാനായി പുറത്തുപോയിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. കുക്കറി സെറ്റുകളും ഡിന്നർ സെറ്റുകളും നിർമിച്ച് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് ടിസിഎൽ സെറാമിക്സ്. പരേതരായ വേലായുധന്റെയും അല്ലിയുടെയും മകനാണ് അംബരീഷ്. ഭാര്യ രഞ്ജിനി. മകൻ ആഷിക്.




