തിരുവനന്തപുരം: ആർമി ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര ഊരൂട്ടുകാല ദേവീക്ഷേത്രത്തിന് സമീപം രോഹിണി നിവാസിൽ ശ്രീജിത്ത് (32) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്.
വിഴിഞ്ഞം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാമിൽ ആർമി യൂണിഫോം ധരിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് പ്രതി യുവതിയുമായി പരിചയപ്പെട്ടതെന്നാണ് പരാതി. പിന്നീട് വിവാഹ വാഗ്ദാനം നൽകി പണവും സ്വകാര്യ ചിത്രങ്ങളും കൈവശപ്പെടുത്തിയ ശേഷം വഞ്ചിച്ചെന്നാണ് പൊലീസ് പറയുന്നത്. മാർച്ച് 11 മുതൽ സെപ്തംബർ 16 വരെയുള്ള കാലയളവിൽ പലതവണയായി 3,93,000 രൂപ യുവതിയിൽ നിന്ന് തട്ടിയെടുത്തതായാണ് പരാതി.
സമാനമായ കേസിൽ നേരത്തെയും ശ്രീജിത്ത് അറസ്റ്റിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ടയിൽ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി യുവതിയെ വഞ്ചിച്ച കേസിലാണ് ഇയാൾ ജയിൽവാസം അനുഭവിച്ചത്. ജയിൽ മോചിതനായ ശേഷമാണ് പുതിയ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ചോദ്യം ചെയ്യലിൽ സമാന രീതിയിൽ ഏഴോളം യുവതികളെ വഞ്ചിച്ചതായി പ്രതി മൊഴി നൽകിയതായും പൊലീസ് അറിയിച്ചു. എസ്.ഐ പ്രശാന്ത്, എസ്.സിപിഒ വിനയകുമാർ, സിപിഒമാരായ റെജിൻ, സാബു, ഗോഡ്‌വിൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




