റിയാദ്: സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരിച്ച തമിഴ്നാട് സ്വദേശിയായ യുവതിയുടെയും രണ്ടുവയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.
ചെന്നൈ നാങ്ങനല്ലൂർ സ്വദേശികളായ രാജാറാം-രാജേശ്വരി ദമ്പതികളുടെ മകൾ ജയഭാരതി (37), മകൾ കാർത്തിക ശ്രീ (2) എന്നിവരുടെ മൃതദേഹങ്ങളാണ് റിയാദ് ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നാട്ടിലെത്തിച്ചത്. ‘കനിവ്’ ജീവകാരുണ്യ വിഭാഗമാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. ബുറൈദയിൽ ഇലക്ട്രോണിക് ടെക്നീഷ്യനായി ജോലി ചെയ്യുന്ന ഗോകുൽ രാജാണ് ജയഭാരതിയുടെ ഭർത്താവ്.
കഴിഞ്ഞ ജൂലൈ 21-നായിരുന്നു ദാരുണമായ സംഭവം. ബുറൈദയിലെ സഫറയ്ക്ക് സമീപമുള്ള താമസസ്ഥലത്ത് രാത്രി ഉറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. കത്തിച്ചുവെച്ച അഗർബത്തിയിൽനിന്ന് വീണ തീപ്പൊരി കാർപെറ്റിലേക്ക് പടർന്നതിനെ തുടർന്ന് മുറിയിൽ പുക നിറയുകയായിരുന്നു. ഫോറൻസിക് റിപ്പോർട്ട് പ്രകാരം പുക ശ്വസിച്ചതാണ് മരണകാരണം.
അപകടസമയത്ത് ഗോകുൽ രാജ് സമീപത്തെ മുറിയിൽ ഉറങ്ങുകയായിരുന്നു. പുകയുടെ ഗന്ധം അനുഭവപ്പെട്ട് ഉണർന്നപ്പോഴാണ് ഭാര്യയും മകളും മരിച്ച വിവരം അറിയുന്നത്. അപകടത്തിന് ഒരാഴ്ച മുമ്പാണ് ജയഭാരതിയും മകളും സന്ദർശന വിസയിൽ ബുറൈദയിൽ എത്തിയത്.
മൃതശരീരങ്ങൾ റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ചെന്നൈയിലെത്തിച്ചത്. യാത്രാ ചെലവ് റിയാദ് ഇന്ത്യൻ എംബസി വഹിച്ചു. ചെന്നൈ വിമാനത്താവളത്തിൽ ബന്ധുക്കൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങി.
താമസസ്ഥലങ്ങളിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ പ്രവാസി കുടുംബങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ‘കനിവ്’ ജീവകാരുണ്യ വിഭാഗം കൺവീനറും സാമൂഹിക പ്രവർത്തകനുമായ ബി. ഹരിലാൽ ആവശ്യപ്പെട്ടു. ഉറങ്ങുന്നതിന് മുമ്പ് തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളും ഉപകരണങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും വീടുകളിൽ പുക അലാറം, അഗ്നിശമന ഉപകരണം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.




