തിരുവനന്തപുരം: വർക്കലയിൽ 17കാരനെ പൊലീസ് മർദിച്ചതായി പരാതി. വർക്കല ചാലുവിള സ്വദേശിയായ കുട്ടിയുടെ മാതാവാണ് നാല് പൊലീസുകാർക്കെതിരെ വർക്കല ഡിവൈഎസ്പിക്ക് പരാതി നൽകിയത്. വർക്കലയിലെ മാസ് മന്തി റസ്റ്ററന്റിൽ ജോലി ചെയ്യുന്നതിനിടെ മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസ് കുട്ടിയെ പിടിച്ചുകൊണ്ടുപോയി മർദിച്ചെന്നാണ് പരാതി.
കുട്ടിയെ ബലമായി പൊലീസ് ജീപ്പിൽ കയറ്റി മർദിച്ചെന്നും മർദനത്തിൽ വായിൽനിന്ന് രക്തം വന്നതായും കാലിനും കഴുത്തിനും പരിക്കേറ്റതായും മാതാവ് ആരോപിക്കുന്നു. വർക്കല എസ്.ഐ ആഷിൽ രവി ഉൾപ്പെടെ നാലുപേർക്കെതിരെയാണ് പരാതി. കേസിലെ പ്രതിയെ കണ്ടെത്താനായില്ലെങ്കിൽ കുട്ടിയെയും മാതാപിതാക്കളെയും പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അപസ്മാരവും ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്ന ആരോഗ്യപ്രശ്നങ്ങളും കുട്ടിക്കുണ്ടെന്നും മാതാവ് വ്യക്തമാക്കിയിട്ടുണ്ട്.
കഴുത്തിന് പിന്നിൽ എസ്.ഐ അടിച്ചെന്നും കാലിൽ ബൂട്ടിട്ട് ചവിട്ടി ഞെരിച്ചെന്നും കുട്ടിയും ആരോപിച്ചു. ശരീരം തളരുന്നതായി പറഞ്ഞപ്പോൾ അസഭ്യം പറയുകയും വീണ്ടും മർദിക്കുകയും ചെയ്തതായും കുട്ടി പറയുന്നു. സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്നാണ് മാതാവിന്റെ ആവശ്യം.
അതേസമയം, മർദനം നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ചാണ് റസ്റ്ററന്റിലെത്തിയതെന്നും ഈ സമയം 17കാരൻ പ്രതിയെ വിളിച്ച് പൊലീസ് എത്തിയ വിവരം അറിയിച്ചെന്നുമാണ് പൊലീസ് പറയുന്നത്. തുടർന്നാണ് കുട്ടിയെ സ്റ്റേഷനിലെത്തിച്ചത്. കുട്ടിക്ക് 17 വയസ്സാണെന്ന് അറിഞ്ഞതോടെ സ്റ്റേഷന് പുറത്തിരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വിട്ടയച്ചെന്നും മർദിച്ചിട്ടില്ലെന്നും പൊലീസ് വിശദീകരിക്കുന്നു.
സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് വി. ജോയ് എം.എൽ.എ രംഗത്തെത്തി. കുട്ടിയെ ജീപ്പിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദിച്ചെന്ന ആരോപണം ഗുരുതരമായ കൃത്യവിലോപമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രായം പോലും പരിഗണിക്കാതെയുള്ള പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്നും കുടുംബം പരാതി നൽകിയിട്ടും ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നും എം.എൽ.എ ആരോപിച്ചു.
വിഷയത്തിൽ തിരുവനന്തപുരം റൂറൽ എസ്.പിയുമായി സംസാരിക്കുമെന്ന് വി. ജോയ് അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.




