തിരുവനന്തപുരം: റീഏജന്റ് ക്ഷാമത്തെ തുടർന്ന് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ലാബ് പരിശോധനകൾ പ്രതിസന്ധിയിൽ. വൃക്ക, കരൾ രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ പല ആശുപത്രികളിലും ഏതാണ്ട് നിലച്ചിരിക്കുകയാണ്. കൊളസ്ട്രോൾ സംബന്ധമായ രോഗങ്ങൾ കണ്ടെത്താനുള്ള ലിപിഡ് പ്രൊഫൈൽ പരിശോധനകളും മുടങ്ങി.
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) റീഏജന്റുകൾ ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. റീഏജന്റുകൾ വിതരണം ചെയ്യുന്ന കമ്പനികൾക്കുള്ള കുടിശിക വർധിച്ചതും വിതരണത്തെ ബാധിച്ചതായി സൂചനയുണ്ട്.
സ്റ്റോക്ക് ഉള്ള ആശുപത്രികളിൽ മാത്രമാണ് നിലവിൽ പരിശോധനകൾ നടക്കുന്നത്. റീഏജന്റ് ഇല്ലാത്ത ആശുപത്രികളിൽ രോഗികളെ സ്വകാര്യ ലാബുകളിലേക്ക് അയയ്ക്കുകയാണ്. പ്രതിസന്ധി തുടർന്നാൽ വരും ദിവസങ്ങളിൽ രക്തപരിശോധന ഉൾപ്പെടെയുള്ള കൂടുതൽ ലാബ് പരിശോധനകൾ മുടങ്ങാനുള്ള സാധ്യതയുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊളസ്ട്രോൾ, കാൽസ്യം പരിശോധനകൾ മുടങ്ങിയിട്ടുണ്ട്. എസ്എടി ആശുപത്രിയിൽ മഞ്ഞപ്പിത്തം, കൊളസ്ട്രോൾ, യൂറിക് ആസിഡ്, കരൾ, അസ്ഥി, വൃക്ക രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളും നടക്കുന്നില്ല. പരിശോധനകൾക്ക് ആവശ്യമായ ബയോകിറ്റിനും ക്ഷാമമുണ്ട്.
മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സ തേടുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭിക്കേണ്ട പരിശോധനകളാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.



