തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം നാളെ നാല് ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നാളെ മഞ്ഞ ജാഗ്രത.
ഒക്ടോബർ അഞ്ചിന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ഒക്ടോബർ ആറിന് ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും മഞ്ഞ ജാഗ്രതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
കേരളം, ലക്ഷദ്വീപ്, മാലിദ്വീപ്, അതിനോട് ചേർന്ന തെക്കുകിഴക്കൻ അറബിക്കടൽ, മധ്യ-കിഴക്കൻ അറബിക്കടൽ, കന്യാകുമാരി പ്രദേശങ്ങൾ എന്നിവിടങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.




