ന്യൂഡൽഹി: ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ജിഎസ്ടി ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്തുകളയാനാണ് നീക്കം. അധികാര ദുർവിനിയോഗം സംബന്ധിച്ച പരാതികൾ വ്യാപകമായതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി.
ജിഎസ്ടിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനുമാണ് ഉദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാനുള്ള അധികാരം നൽകിയിരുന്നത്. എന്നാൽ ഈ അധികാരം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അധികാരം പരിമിതപ്പെടുത്താനുള്ള നീക്കം.
ഒക്ടോബർ ഏഴിന് ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്യും. കൗൺസിൽ അംഗീകരിച്ചാൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പ്രത്യേക ബില്ലായി അവതരിപ്പിച്ച് നിയമമാക്കുന്നതിനുള്ള നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കും.




