പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ. എൻ. സുരേഷ് ബാബുവിനെ മാറ്റിയത് വനിത നൽകിയ പരാതിയെ തുടർന്നെന്ന് റിപ്പോർട്ട്. സുരേഷ് ബാബു മോശമായി പെരുമാറിയെന്നാരോപിച്ച് യുവതി സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് പരാതി നൽകിയിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പരാതി ചർച്ച ചെയ്തതിന് പിന്നാലെയാണ് സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനിച്ചതെന്നാണ് വിവരം.
സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മുൻ എംഎൽഎ വി. ചെന്താമരാക്ഷനെയാണ് പുതിയ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സുരേഷ് ബാബുവിനെതിരെ ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് സ്ഥാനമാറ്റമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.
ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാക്കളായി ടി.പി. മുഹമ്മദ് മാസ്റ്റർ, കെ. ജയദേവൻ, നാരായണൻകുട്ടി എൻ.കെ., രാധാകൃഷ്ണൻ വടക്കാഞ്ചേരി, രമാധരൻ കൊല്ലങ്കോട്, പരമേശ്വരൻ അട്ടപ്പാടി, എ.എൻ. നീരജ്, ഷിബി കൃഷ്ണ എന്നിവരെയും തെരഞ്ഞെടുത്തു.
അതേസമയം, പാലക്കാട് സിപിഐഎമ്മിൽ രൂക്ഷമായ വിഭാഗീയതയുണ്ടെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ തൃത്താല, കോങ്ങാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് വിഭാഗീയത കാരണമായെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
തൃത്താലയിൽ എം.ബി. രാജേഷിന്റെ തോൽവിക്ക് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് പുറമെ പാർട്ടിയിലെ വിഭാഗീയതയും കാരണമായതായി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇടതുകോട്ടയായിരുന്ന കോങ്ങാട് മണ്ഡലത്തിൽ പരമ്പരാഗത പാർട്ടി വോട്ടുകളിൽ വലിയ ഇടിവുണ്ടായതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പാലക്കാട് സിപിഐഎമ്മിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രവർത്തന റിപ്പോർട്ടിൽ ഉയർന്നിരുന്നു. അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളിൽ ചില സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവും നേതാക്കളുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യവും റിപ്പോർട്ടിലുണ്ടായിരുന്നു.
വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ എം.വി. ഗോവിന്ദനും പാലക്കാട്ടെ സംഘടനാ വിഷയങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു. തൃത്താല, കോങ്ങാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് നേതാക്കൾക്കിടയിലെ വിഭാഗീയത കാരണമായെന്നും ജില്ലാ സെക്രട്ടേറിയറ്റ് വേണ്ടവിധം പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സുരേഷ് ബാബുവിനെതിരായ വനിതയുടെ പരാതി കൂടി പാർട്ടി നേതൃത്വത്തിന്റെ പരിഗണനയിൽ വന്നത്. പരാതിയിലെ ആരോപണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.




