കൊച്ചി: ദത്തെടുക്കൽ ചട്ടം 2022 പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) നൽകിയ നിർദേശങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (സിഎആർഎ) ഹൈക്കോടതിയെ അറിയിച്ചു.
ദത്തെടുക്കൽ നടപടികളിൽ അഡോപ്ഷൻ ഓംബുഡ്സ്മാൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വേണമെന്നതടക്കമുള്ള നിർദേശങ്ങളാണ് കെൽസയ്ക്കായി വിമൻ റൈറ്റ്സ് സെന്റർ പ്രോജക്ട് കോഓർഡിനേറ്റർ എ. പാർവതി മേനോൻ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
ദത്തെടുക്കൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമ്പോൾ കെൽസ മുന്നോട്ടുവച്ച നിർദേശങ്ങളും പരിഗണിക്കുമെന്ന് സിഎആർഎ ഡപ്യൂട്ടി ഡയറക്ടർ റിച്ച ഓജ ഹൈക്കോടതിയിൽ സമർപ്പിച്ച അധിക സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ദത്തെടുക്കൽ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനാണ് ഹർജി പരിഗണിക്കുന്നത്.




