തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് മുൻ വിവരാവകാശ കമ്മീഷണർ ഡോ. അബ്ദുൽ ഹക്കീമിന്റെ പുസ്തകം. ഒരു പ്രമുഖ നടൻ പ്രതികാരബുദ്ധിയോടെ ഒരു നടിയുടെ അഭിനയജീവിതം തകർത്തതടക്കമുള്ള നിർണായക വെളിപ്പെടുത്തലുകളാണ് ‘മലയാള സിനിമ, ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും’ എന്ന പുസ്തകത്തിലുള്ളത്. നടന്റെ ആവശ്യങ്ങൾക്ക് വഴങ്ങാത്തതാണ് പ്രതികാരത്തിന് കാരണമായതെന്നും പുസ്തകത്തിൽ പറയുന്നു.
ലൊക്കേഷനിൽ മദ്യപിച്ചെത്തിയ നടൻ അഴിഞ്ഞാടിയതായും ‘ഇനി നീ സിനിമാ രംഗത്ത് ഉണ്ടാകില്ല’ എന്ന് നടിയോട് ആക്രോശിച്ചതായും മൊഴിയിൽ പറയുന്നു. സിനിമയിലെ പ്രമുഖർ വിചാരിച്ചാൽ കഴിവുള്ള നടിമാരെപ്പോലും പുറത്താക്കാൻ കഴിയുമെന്ന് കണ്ണീരോടെ പറഞ്ഞ നടി പിന്നീട് അഭിനയിക്കാൻ പോയിട്ടില്ലെന്നും പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. പക തീർക്കാൻ നടൻ തനിക്കൊപ്പം നായികമാരായിരുന്നവർക്കായി വിരുന്നൊരുക്കിയെങ്കിലും തന്നെ ക്ഷണിച്ചില്ലെന്നും നടി മൊഴി നൽകിയതായി പുസ്തകത്തിൽ പറയുന്നു.
ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പ്രമുഖ നടൻ നായികയോട് പലതവണ ലൈംഗിക ആവശ്യം ഉന്നയിക്കുകയും ആവശ്യം നിരസിച്ചതിനെ തുടർന്ന് ശാരീരികമായി ആക്രമിക്കുകയും ചെയ്തതായും പുസ്തകത്തിലുണ്ട്. സംഭവത്തെ തുടർന്ന് നടിക്ക് ദീർഘകാലം ആയുർവേദ ചികിത്സ തേടേണ്ടിവന്നതായും പറയുന്നു.
ചിത്രീകരണത്തിനിടെ മനഃപൂർവം വീഴ്ത്തിയതിനെ തുടർന്ന് ആശുപത്രിയിലായ നായികയെ സ്റ്റണ്ട് മാസ്റ്റർ നിരന്തരം ശല്യം ചെയ്ത സംഭവവും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞുള്ള ഷൂട്ടിങ്ങിന് ഹാജരാകണമെന്ന് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് നിർബന്ധിച്ച സംഭവവും വിവരിക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ട മുൻ വിവരാവകാശ കമ്മീഷണറാണ് ഡോ. അബ്ദുൽ ഹക്കീം. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മുൻ കേരള ഹൈക്കോടതി ജഡ്ജി കെമാൽ പാഷയാണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും ഹക്കീമിന്റെ ഉത്തരവിന്റെയും നിയമപരവും സാമൂഹികവുമായ വശങ്ങൾ ആമുഖത്തിൽ കെമാൽ പാഷ വിശദീകരിക്കുന്നുണ്ട്.




