ലൂസാൻ (സ്വിറ്റ്സർലൻഡ്): 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തിൽ ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾ. ഇന്ത്യയ്ക്ക് പുറമെ ജർമനി, ഹംഗറി, ഖത്തർ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് വേദിക്കായി രംഗത്തുള്ളതെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അറിയിച്ചു. 2036 ഒളിമ്പിക്സ് വേദി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടുത്ത ഘട്ട നടപടികൾ ആരംഭിച്ചതായും ഐഒസി വ്യക്തമാക്കി.
ആതിഥേയത്വത്തിനായി മത്സരിക്കുന്ന രാജ്യങ്ങളുടെ അന്തിമ പട്ടിക അടുത്ത മാസം ഐഒസി ഔദ്യോഗികമായി പുറത്തുവിടും. തുടർന്ന് നിർദിഷ്ട വേദികളുടെ പ്രാഥമിക വിലയിരുത്തൽ 2027 മാർച്ചിന് മുമ്പായി പൂർത്തിയാക്കും. വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങളുമായി 2027 മാർച്ചിൽ ചർച്ചകൾ ആരംഭിക്കും. 2029 മധ്യത്തോടെ അന്തിമ വേദി പ്രഖ്യാപിക്കാനാണ് ഐഒസിയുടെ തീരുമാനം.
നൂറിലധികം ഐഒസി അംഗരാജ്യങ്ങളുടെ വോട്ടെടുപ്പിന് ശേഷമായിരിക്കും ആതിഥേയ രാജ്യത്തെ പ്രഖ്യാപിക്കുക. ഇതിനൊപ്പം 2040, 2044 ഒളിമ്പിക്സുകളുടെ വേദികളെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകളും നടക്കും.
ഇന്ത്യയുടെ സ്ഥാനാർഥി നഗരമായി ഗുജറാത്തിലെ അഹമ്മദാബാദിനെയാണ് പ്രധാനമായും പരിഗണിക്കുന്നത്. 2030ലെ കോമൺവെൽത്ത് ഗെയിംസിനും അഹമ്മദാബാദ് വേദിയാകും.
വേദി തിരഞ്ഞെടുക്കുന്നതിൽ വിവിധ ഘടകങ്ങളാണ് ഐഒസി പരിഗണിക്കുക. മാസ്റ്റർപ്ലാൻ, കായികതാരങ്ങൾക്കുള്ള സൗകര്യങ്ങൾ, ഗെയിംസ് നടത്തിപ്പിനുള്ള സാമ്പത്തിക സ്രോതസുകൾ, രാഷ്ട്രീയ നേതൃത്വത്തിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ, ഗെയിംസ് വിജയകരമായി നടത്താനുള്ള ശേഷി എന്നിവ പ്രധാന മാനദണ്ഡങ്ങളാണ്.
ഒളിമ്പിക്സിന് ശേഷം അടിസ്ഥാനസൗകര്യങ്ങൾ പ്രാദേശിക സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കുന്നതിനുള്ള ദീർഘകാല പദ്ധതിക്കും പ്രാധാന്യമുണ്ട്.
ഖത്തറിലെ ദോഹ, ദക്ഷിണ കൊറിയയിലെ സോൾ, ജർമനിയിലെ മ്യൂണിക്ക് എന്നിവയും ശ്രദ്ധേയമായ സ്ഥാനാർഥികളാണ്. 2022ലെ ഫിഫ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ച ഖത്തറിന് വലിയ അന്താരാഷ്ട്ര കായികമേളകൾ നടത്താനുള്ള പരിചയമുണ്ട്. എന്നാൽ ജൂൺ-ജൂലൈ മാസങ്ങളിലെ കടുത്ത ചൂട് ഖത്തറിന് വെല്ലുവിളിയായേക്കും. 2032ലെ ഒളിമ്പിക്സിന് ഓസ്ട്രേലിയയിലെ ബ്രിസ്ബേനാണ് ആതിഥേയത്വം വഹിക്കുന്നത്.



