പത്തനംതിട്ട: സിപിഎമ്മിന്റെ പത്തനംതിട്ട, ഇടുക്കി വിശാല ജില്ലാ കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന-ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. രണ്ടാം പിണറായി സർക്കാർ സാധാരണക്കാരുടെ പ്രശ്നങ്ങൾ വേണ്ടത്ര പരിഗണിച്ചില്ലെന്നാണ് പത്തനംതിട്ടയിലെ പ്രതിനിധികളുടെ വിമർശനം. നേതാക്കളുടെ ബന്ധുക്കളെ മത്സരിപ്പിച്ചതിലും വിമർശനം ഉയർന്നു.
പിണറായി വിജയൻ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് ‘വീട്ടിൽ പോയി ചോദിക്കൂ’ എന്ന് പറഞ്ഞത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നേതാക്കളുടെ പെരുമാറ്റവും പാർട്ടി പ്രവർത്തകരുമായുള്ള അകൽച്ചയും തിരിച്ചടിക്ക് കാരണമായെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
ഇടുക്കി ജില്ലയിൽ എം.എം. മണിക്ക് സീറ്റ് നിഷേധിച്ചത് തിരിച്ചടിയായെന്നും സ്ഥാനാർഥി നിർണയത്തിൽ പിഴവുണ്ടായെന്നും വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടറി സി.വി. വർഗീസിന് ക്വാറി മാഫിയയുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണവും യോഗത്തിൽ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങളും പാർട്ടിയിലെ തിരുത്തൽ നടപടികളും യോഗങ്ങളിൽ പ്രധാനമായും ചർച്ചയാകുകയാണ്.




