പാലക്കാട്: മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി ഒ.ജെ. ജനീഷ് എന്നിവരടക്കമുള്ള നേതാക്കളുടെ സൗജന്യ യാത്രകളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയം. ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്.
അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നേതാക്കളിൽനിന്ന് ഉണ്ടാകേണ്ടതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. സൗജന്യ യാത്രകളും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കുന്നത് അനാവശ്യ വിവാദങ്ങൾക്ക് വഴിയൊരുക്കുമെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾ ജനങ്ങളിലെത്തുന്നതിന് ഇത്തരം വിവാദങ്ങൾ തടസ്സമാകാം. അതിനാൽ അനാവശ്യ വിവാദങ്ങൾക്ക് ഇടയാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് നേതാക്കൾ വിട്ടുനിൽക്കണമെന്നും പ്രമേയം നിർദേശിക്കുന്നു. നേതാക്കളുടെ തർക്കങ്ങൾക്ക് ന്യായീകരണം നൽകുകയല്ല പ്രവർത്തകരുടെ ജോലിയെന്നും പ്രമേയത്തിൽ വിമർശനമുണ്ട്.
ചെർപ്പുളശ്ശേരിയിൽ ഒക്ടോബർ നാലിന് നടന്ന ‘ചരൈവേതി’ മണ്ഡലം ക്യാമ്പിലാണ് രാഷ്ട്രീയ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സൗജന്യ യാത്രകളുമായി ബന്ധപ്പെട്ട് യൂത്ത് ലീഗും പാലക്കാട് സമാനമായ രീതിയിൽ പ്രമേയം പാസാക്കിയിരുന്നു.
പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചവരിൽനിന്ന് ചില നേതാക്കളുടെ സാമീപ്യം അകലുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ജാഥകൾ നയിച്ചവരും കൊടികെട്ടിയവരും കേസുകളിൽ അകപ്പെട്ടവരും മർദ്ദനമേറ്റവരുമായ പ്രവർത്തകരെ മറന്നുപോകുന്ന നേതാക്കളുണ്ടെങ്കിൽ വരാനിരിക്കുന്ന ജനവിധിയും പ്രവർത്തക വികാരവും അവർക്കെതിരാകുമെന്നും പ്രമേയം മുന്നറിയിപ്പ് നൽകുന്നു.
പ്രവർത്തകരെ സംരക്ഷിക്കുകയും അവർക്ക് തണലാവുകയും ചെയ്യേണ്ടത് നേതാക്കളുടെയും മുന്നണിയുടെയും ഉത്തരവാദിത്വമാണ്. അത് ഇല്ലാതാകുമ്പോൾ പാർട്ടിയോടുള്ള വിശ്വാസമാണ് നഷ്ടപ്പെടുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
ഭരണത്തിൽ സുതാര്യതയും നീതിയും ഉറപ്പാക്കണമെന്നും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ജനഹിതത്തിനും മുൻഗണന നൽകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന നിലപാടുകൾ നേതാക്കൾ സ്വീകരിക്കണം. പാർട്ടി വേദികളിൽ അഭിപ്രായങ്ങൾ തുറന്നുപറയുകയും പൊതുവിടങ്ങളിൽ മാന്യത പുലർത്തുകയും വേണമെന്നും പ്രമേയം നിർദേശിക്കുന്നു.




