തിരുവനന്തപുരം: ഓണം ബമ്പർ ഒന്നാം സമ്മാനമായ 30 കോടി രൂപ നേടിയ ഭാഗ്യശാലി ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റി. എന്നാൽ വിജയിയുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്തതിനാൽ ലോട്ടറി വകുപ്പിനും വിജയിയുടെ വ്യക്തിവിവരങ്ങൾ പുറത്തുവിടാനാകില്ലെന്നാണ് വിവരം.
കണ്ണൂർ തളിപ്പറമ്പിൽ വിറ്റ TL 360615 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചത്.
വലിയ തുകയുടെ ലോട്ടറി സമ്മാനം ലഭിക്കുന്നവരെ തേടി വിവിധ ആവശ്യങ്ങളുമായി ആളുകൾ എത്തുന്ന അനുഭവങ്ങൾ മുൻകാല വിജയികൾ പങ്കുവെച്ചിട്ടുണ്ട്. ഇതാകാം വിജയി തന്റെ വ്യക്തിവിവരങ്ങൾ പുറത്തുവിടാതിരിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.
നികുതി, സെസ്, ഏജന്റ് കമ്മിഷൻ എന്നിവ കുറച്ചശേഷം ഏകദേശം 16.47 കോടി രൂപയാണ് സമ്മാനാർഹന് ലഭിച്ചത്. സമ്മാനത്തുകയുടെ 10 ശതമാനം ഏജന്റ് കമ്മിഷനായും 30 ശതമാനം ആദായനികുതിയായും ഈടാക്കും. കൂടാതെ സർചാർജും നാല് ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും ബാധകമാണ്.




