ലണ്ടൻ: യുകെയിൽ കോവിഡ് കേസുകളിൽ വർധനവെന്ന് റിപ്പോർട്ട്. XFG അഥവാ ‘സ്ട്രാറ്റസ്’ എന്ന കോവിഡ് വകഭേദമാണ് പുതിയ വ്യാപനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടെന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
ഇംഗ്ലണ്ടിൽ പരിശോധിച്ച കോവിഡ് സാമ്പിളുകളിൽ 50 ശതമാനത്തിലധികവും XFG വകഭേദമാണെന്നാണ് കണ്ടെത്തൽ. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (UKHSA) കണക്കുകൾ പ്രകാരം ആശുപത്രികളിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5.9 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർന്നു.
ലണ്ടനിലാണ് ആശുപത്രി പ്രവേശനത്തിൽ ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 79 ശതമാനം വർധനയുണ്ടെന്നാണ് റിപ്പോർട്ട്. 85 വയസിന് മുകളിലുള്ളവരിലും കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ഉയർന്നിട്ടുണ്ട്.
അതേസമയം, രോഗവ്യാപനത്തിൽ വർധനയുണ്ടെങ്കിലും രാജ്യത്തെ മൊത്തത്തിലുള്ള കോവിഡ് അണുബാധാ നിരക്ക് ഇപ്പോഴും കുറവാണെന്നും നിലവിൽ വലിയ ആശങ്കയ്ക്ക് കാരണമില്ലെന്നും UKHSA കൺസൾട്ടന്റ് എപ്പിഡെമിയോളജിസ്റ്റ് അലക്സ് അലൻ പറഞ്ഞു.
കാനഡയിലാണ് XFG വകഭേദം ആദ്യമായി കണ്ടെത്തിയത്. LF.7, LP.8.1.2 എന്നീ വകഭേദങ്ങളിൽ നിന്നാണ് XFG രൂപപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വേഗത്തിൽ പകരാൻ സാധ്യതയുള്ള ഈ വകഭേദത്തിന് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ മറികടക്കാനുള്ള കഴിവും ഉണ്ടാകാമെന്ന് ദി ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കിയിരുന്നു.




