കണ്ണൂർ: അനസ്തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാരെക്കൂടി പ്രതി ചേർത്തു. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ആർ.എം.ഒ ഡോ. ഫ്രഡി ജോസഫ്, ഡോ. ആശ, ഡോ. ആരതി എന്നിവരെയാണ് പ്രതി ചേർത്തത്. മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചികിത്സാ പിഴവ് സംഭവിച്ചതായി കണ്ടെത്തിയ സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോ. അഞ്ജലിയെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു.
കഴിഞ്ഞ ജൂലൈ 10നാണ് അനസ്തീഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ദേവാൻഷ് ശൗര്യ മരിച്ചത്. സംഭവത്തിൽ അന്വേഷണം വൈകുന്നതായി കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ആരോഗ്യമന്ത്രി കെ. മുരളീധരനെ നേരിൽ കണ്ട് കുടുംബം പരാതി നൽകുകയും ചെയ്തിരുന്നു.
സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കാത്തതാണ് കൂടുതൽ ഡോക്ടർമാരെ പ്രതി ചേർക്കുന്നതിന് തടസമായിരുന്നതെന്ന് പയ്യന്നൂർ പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.




