തിരുവനന്തപുരം: കാരുണ്യ ആരോഗ്യ പദ്ധതിക്ക് 600 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കുടിശ്ശിക തീർക്കുന്നതിനായാണ് തുക അനുവദിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ ക്ലെയിമുകൾ തീർപ്പാക്കാൻ 307.10 കോടി രൂപയും കാരുണ്യ ബെനവലന്റ് പദ്ധതിക്കായി 293.62 കോടി രൂപയുമാണ് അനുവദിച്ചത്. ബജറ്റിൽ കാരുണ്യ പദ്ധതിക്കായി 592 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.
കാരുണ്യ പദ്ധതിയിലൂടെ സൗജന്യ ചികിത്സ നൽകിയ വകയിൽ സർക്കാർ ആശുപത്രികൾക്ക് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയും കുടിശ്ശികയായി കിടക്കുകയാണ്. സർക്കാർ അനുവദിച്ച തുക ലഭിക്കുന്നതോടെ ആശുപത്രികൾക്ക് സാമ്പത്തിക ആശ്വാസമാകും.



