കാസർകോട്: വന്ദേമാതരം സെമിനാറിനിടെ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ കാസർകോട് കേന്ദ്ര സർവകലാശാല അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ, എൻഎസ്‌യുഐ, എംഎസ്എഫ് സംഘടനകളുടെ ഭാരവാഹികൾക്കെതിരെയാണ് നടപടി. 14 ദിവസത്തേക്കാണ് സസ്പെൻഷൻ. സംഭവത്തിൽ 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
സെമിനാറിൽ ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിച്ചതിനെതിരെയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. എന്നാൽ, പ്രതിഷേധത്തെ വന്ദേമാതരത്തിനെതിരായ നീക്കമായി ചിത്രീകരിക്കുകയാണെന്നും വിദ്യാർഥികളെ രാജ്യദ്രോഹികളാക്കാനാണ് ശ്രമമെന്നും വിവിധ സംഘടനകൾ ആരോപിച്ചു. സർവകലാശാലയെ കാവിവത്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം തുടരുമെന്നും സംഘടനകൾ വ്യക്തമാക്കി.
കേന്ദ്ര സർവകലാശാലയിൽ രണ്ട് ദിവസമായി നടന്ന വന്ദേമാതരം സെമിനാറിനിടെയാണ് പ്രതിഷേധമുണ്ടായത്. സർവകലാശാലയെ കാവിവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വിദ്യാർഥികൾ സെമിനാർ ഹാളിലേക്ക് കടന്നെത്തി മുദ്രാവാക്യങ്ങൾ ഉയർത്തുകയായിരുന്നു. ‘ആർഎസ്എസ് ഗോ ബാക്ക്’ എന്ന മുദ്രാവാക്യത്തിനൊപ്പം ആസാദി മുദ്രാവാക്യങ്ങളും മുഴക്കി.
വിദ്യാർഥികൾ കൂക്കിവിളിക്കുകയും ഷൂ ഉയർത്തിക്കാട്ടുകയും ചെയ്തതോടെ സെമിനാറിന്റെ അവതരണം നിർത്തിവെക്കേണ്ടിവന്നു. അതേസമയം, സെമിനാറിന് പിന്തുണയുമായി എബിവിപിയും രംഗത്തെത്തി. ‘വന്ദേമാതരം’ മുദ്രാവാക്യം ഉയർത്തിയാണ് എബിവിപി പ്രവർത്തകർ പിന്തുണ അറിയിച്ചത്.
എബിവിപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾക്ക് മാത്രം പ്രാധാന്യം നൽകുന്ന സെമിനാറാണ് സംഘടിപ്പിച്ചതെന്നും സർവകലാശാലയെ പൂർണമായും കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പ്രതിഷേധിച്ച വിദ്യാർഥികൾ ആരോപിച്ചു.
ആർഎസ്എസ് നേതാവിനെ സെമിനാറിൽ പങ്കെടുപ്പിച്ചതിനെയാണ് എതിർത്തതെന്നും അതിനെ വന്ദേമാതരത്തിനെതിരായ പ്രതിഷേധമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി.
പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർഥികൾക്കെതിരെ സർവകലാശാല സ്വീകരിച്ച സസ്പെൻഷൻ നടപടിയും 25 പേർക്കെതിരായ പൊലീസ് കേസും സംഭവത്തെ കൂടുതൽ ശ്രദ്ധേയമാക്കിയിരിക്കുകയാണ്.




