തിരുവനന്തപുരം: 2023ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിൽ ബോർഡ് നിയമോപദേശം തേടി. പ്രത്യേക ചട്ടങ്ങൾ മറികടന്ന് ജി. ബൈജുവിനെ സെക്രട്ടറിയായി നിയമിച്ചെന്ന പരാതിയിലാണ് നടപടി. നിലവിൽ ദേവസ്വം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് ബൈജു.
2023 ജൂൺ 13ന് ബൈജുവിനെ സെക്രട്ടറിയായി സ്ഥലംമാറ്റിയുള്ള ബോർഡിന്റെ ഉത്തരവ് 2022 ജൂൺ 20ന് നിലവിൽ വന്ന പ്രത്യേക ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് പരാതി. ഡെപ്യൂട്ടി കമ്മീഷണർ തസ്തികയിലേക്ക് ബിരുദമുള്ളവരെ സ്ഥാനക്കയറ്റം വഴി നിയമിക്കണമെന്നും വകുപ്പുതല പ്രമോഷൻ സമിതി അംഗീകരിച്ച പട്ടികയിലുള്ളവരെ മാത്രമേ പരിഗണിക്കാവൂ എന്നുമാണ് ചട്ടം. ഇതിന് വിരുദ്ധമായാണ് നിയമനമെന്നാണ് പരാതിക്കാരുടെ വാദം.
തിരുവാഭരണം കമ്മീഷണറായിരുന്ന ബൈജുവിന് 2022 ജൂൺ രണ്ടിന് താൽക്കാലിക സ്ഥാനക്കയറ്റം നൽകിയിരുന്നു. ബോർഡിനെ തെറ്റിദ്ധരിപ്പിച്ച് നിയമന മാനദണ്ഡങ്ങൾ മറികടക്കാൻ സഹായിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഇതിലാണ് ബോർഡ് ലോ ഓഫീസറുടെ നിയമോപദേശം തേടിയത്.
അതേസമയം, ബൈജുവിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങളും വിവാദത്തിലായിട്ടുണ്ട്. ബോർഡിൽ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശി സുനിൽകുമാർ വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങൾ തേടിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് വിവരാവകാശ കമ്മീഷനെ സമീപിച്ചു. വിവരങ്ങൾ നൽകാൻ കമ്മീഷൻ നിർദേശിച്ചതോടെ, ബൈജു 2016 ഏപ്രിലിൽ മധുര കാമരാജ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ബിരുദം നേടിയതായി സർവീസ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ബോർഡ് അറിയിച്ചത്.
എന്നാൽ, പഠനം ഫുൾടൈം ആയിരുന്നോ പാർട്ട് ടൈം ആയിരുന്നോ എന്ന വിവരം ബോർഡിൽ ലഭ്യമല്ലെന്നും പരീക്ഷയ്ക്കായി അനുമതിയോ അവധിയോ തേടിയിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുനിൽകുമാർ ദേവസ്വം വിജിലൻസ് എസ്.പിക്ക് പരാതി നൽകി.
സർവകലാശാലയോട് വിവരങ്ങൾ തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് വിജിലൻസ് എസ്.പി അറിയിച്ചതായാണ് റിപ്പോർട്ട്. ബൈജു സർവീസിൽ നിന്ന് വിരമിച്ചതിനാൽ മറ്റേതെങ്കിലും അന്വേഷണ ഏജൻസി പരിശോധിക്കണമെന്ന നിലപാടാണ് വിജിലൻസ് സ്വീകരിച്ചത്.
പ്രത്യേക ചട്ടങ്ങൾ നിലവിൽ വരുന്നതിന് ദിവസങ്ങൾക്കുമുമ്പ് ബൈജു കമ്മീഷണർ കേഡറിലെത്തിയെന്നാണ് വിജിലൻസിന്റെ നിലപാട്. എന്നാൽ, അത് താൽക്കാലിക സ്ഥാനക്കയറ്റം മാത്രമായിരുന്നുവെന്നാണ് പരാതിക്കാരുടെ വാദം. നിയമനവുമായി ബന്ധപ്പെട്ട പരാതിയിലും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആരോപണങ്ങളിലും തുടർനടപടികൾ എന്താകുമെന്നാണ് ഇനി അറിയേണ്ടത്.




