തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പാർട്ടിയുടെ നയങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും അനുസരിച്ചാണ് എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും വാർത്താ ഏജൻസിയോട് മുഖ്യമന്ത്രി പ്രതികരിച്ചു. അടൂർ പ്രകാശിന്റെ പരാതിയിൽ മുഖ്യമന്ത്രി ആദ്യമായാണ് നിലപാട് വ്യക്തമാക്കുന്നത്.
പാർട്ടിയെയും മുന്നണിയെയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണവുമായാണ് അടൂർ പ്രകാശ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ സമീപിച്ചത്. യുഡിഎഫ് കൺവീനർ എന്ന നിലയിൽ തനിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും പല നിർണായക തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു.
മഹിളാ കോൺഗ്രസ് നേതൃത്വത്തിന്റെയും ഘടകകക്ഷികളുടെയും നിലപാടുകൾ ഖർഗെയെ അറിയിച്ചതായാണ് വിവരം. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സംസ്ഥാന കോൺഗ്രസിലെ തർക്കം പരിഹരിക്കാനുള്ള ഹൈക്കമാൻഡ് ഇടപെടലിൽ അനിശ്ചിതത്വം തുടരുകയാണ്. അടൂർ പ്രകാശിന്റെ പരാതിയിൽ ഉടൻ തുടർനടപടികൾ ഉണ്ടാകുമെന്ന സൂചനകളില്ല. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ പരിപാടികളുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ പ്രശ്നപരിഹാരത്തിന് സമയമെടുത്തേക്കുമെന്നാണ് സൂചന.
ആവശ്യമെങ്കിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ വീണ്ടും ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും. പരാതിയും മുഖ്യമന്ത്രിയുടെ പ്രതികരണവും പുറത്തുവന്നതോടെ സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ ഹൈക്കമാൻഡ് സ്വീകരിക്കുന്ന നിലപാടാണ് ഇനി നിർണായകമാകുക.




