തിരുവനന്തപുരം: നഗരത്തിലെ അപകടകരമായ രീതിയിൽ വലിച്ചിട്ടിരിക്കുന്ന അനാവശ്യ കേബിളുകളും ടെലിഫോൺ, ഇന്റർനെറ്റ് വയറുകളും നീക്കം ചെയ്യാൻ തിരുവനന്തപുരം നഗരസഭ. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മേയർ വി.വി. രാജേഷ് നിർവഹിക്കും.
നഗരത്തിലെ കേബിൾ കുരുക്കുകൾ ഒഴിവാക്കി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാരാണസി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നടപ്പാക്കിയ മാതൃക പിന്തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ പാളയം, ഫോർട്ട്, കണ്ണമ്മൂല, തൈക്കാട്, പെരുന്താന്നി എന്നീ അഞ്ച് വാർഡുകളിലാണ് പ്രവർത്തനം ആരംഭിക്കുക. പിന്നീട് നഗരസഭയിലെ 101 വാർഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
അനാവശ്യ കേബിളുകൾ ബന്ധപ്പെട്ട സേവനദാതാക്കൾ സ്വമേധയാ നീക്കം ചെയ്യണം. വീഴ്ച വരുത്തുന്ന പക്ഷം നഗരസഭ നേരിട്ട് കേബിളുകൾ നീക്കം ചെയ്യുകയും ഇതിന്റെ ചെലവ് ബന്ധപ്പെട്ട കമ്പനികളിൽ നിന്ന് ഈടാക്കുകയും ചെയ്യും.
തിരിച്ചറിയൽ ടാഗ് ഇല്ലാത്ത കേബിളുകൾ മുറിച്ചുമാറ്റും. ആവശ്യമായ കേബിളുകൾ യന്ത്രങ്ങളുടെ സഹായത്തോടെ ക്രമീകരിച്ച് ക്ലിപ്പ് ചെയ്ത് സുരക്ഷിതമാക്കും. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഡിവൈൻ നെറ്റ്‌വർക്ക് എന്ന ഏജൻസിക്കാണ് നൽകിയിരിക്കുന്നത്.
കേബിളുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനും നഗരത്തിലെ പൊതുസ്ഥലങ്ങൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനും പദ്ധതി സഹായകമാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.




