കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം. ഗൂർഖ ജില്ലയിലുണ്ടായ പ്രളയത്തിൽ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോയി. ജലവൈദ്യുത പദ്ധതിക്കും കേടുപാടുകൾ സംഭവിച്ചു. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്നാണ് ചുംനുബ്രി ഗ്രാമത്തിൽ വെള്ളപ്പൊക്കമുണ്ടായത്.
രാവിലെ 6.30ന് 3.66 മീറ്ററായിരുന്ന ജലനിരപ്പ് 8.40ഓടെ അപകടനിലയും കടന്ന് 8.43 മീറ്ററിലെത്തിയതായി നേപ്പാളിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പത്തുമിനിറ്റിനുള്ളിൽ ജലനിരപ്പ് രണ്ടുമീറ്ററിലധികം ഉയർന്നതായും പാലങ്ങൾ ഉൾപ്പെടെ ഒലിച്ചുപോയതിനാൽ നാശനഷ്ടങ്ങളുടെ പൂർണവിവരം ലഭ്യമായിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
നദിയിലെ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് വെള്ളം കരകവിഞ്ഞതാണ് പെട്ടെന്നുള്ള പ്രളയത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഴയെ തുടർന്നല്ല പ്രളയമുണ്ടായതെന്നും അധികൃതർ അറിയിച്ചു. ദുരന്തത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ഞായറാഴ്ച വൈകുന്നേരം വരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രക്ഷാപ്രവർത്തനങ്ങൾക്കായി നേപ്പാൾ സൈന്യത്തെ ദുരന്തമേഖലയിൽ വിന്യസിച്ചു. പ്രശ്നബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തിയ സൈന്യം, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന ജഗത് മേഖലയിൽനിന്ന് ആറുപേരെ വിമാനമാർഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഓഗസ്റ്റിൽ നേപ്പാൾ–ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ വിനാശകരമായ പ്രളയത്തിന്റെ ആഘാതത്തിൽനിന്ന് രാജ്യം ഇപ്പോഴും മുക്തമായിട്ടില്ല. അന്നത്തെ ദുരന്തത്തിൽ 1,453-ലധികം പേർ മരിക്കുകയും 5,000-ത്തിലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു.




