കൊച്ചി: മൂന്ന് പേർ കൊല്ലപ്പെട്ട നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടവുമായി ബന്ധപ്പെട്ട് മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസ് എടുത്തു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന സുഹൈൽ സജീവ് മദ്യം കഴിച്ച ബാറുകൾക്കെതിരെയാണ് നടപടി. 19 വയസ്സുള്ളവർക്ക് മദ്യം നൽകിയെന്നതാണ് കേസ്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ബാർ ലൈസൻസ് റദ്ദാക്കുകയോ പിഴ ചുമത്തുകയോ ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടായേക്കും.
അപകടത്തിൽപ്പെട്ട കാറിന്റെ ഇവന്റ് ഡാറ്റാ റെക്കോർഡർ (EDR) പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അപകടസമയത്ത് വാഹനത്തിന്റെ വേഗത എത്രയായിരുന്നു, ബ്രേക്ക് ഉപയോഗിച്ചിരുന്നോ, എത്രനേരം ആക്സിലറേറ്റർ അമർത്തിയിരുന്നു തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ കണ്ടെത്താനാകും.
ഇതിനായി ബിഎംഡബ്ല്യുവിൽനിന്ന് മെക്കാനിക്കുകളെ എത്തിച്ച് ഡാറ്റ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. കേസിൽ പ്രതിയായ സുഹൈൽ നിലവിൽ റിമാൻഡിലാണ്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനും ആലോചനയുണ്ട്.
അപകടസമയത്ത് കാർ അമിതവേഗത്തിലായിരുന്നുവെന്ന് സ്ഥലത്തെ തെളിവെടുപ്പിനിടെ സുഹൈൽ സമ്മതിച്ചതായാണ് വിവരം. അമിതവേഗം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പും ആരംഭിച്ചിട്ടുണ്ട്.




