ഡൽഹി: പുതിയ വോട്ടർ രജിസ്ട്രേഷനുള്ള ഫോം ആറിലെ മാറ്റങ്ങൾക്ക് സുപ്രീം കോടതി അംഗീകാരം നൽകിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഫോമിൽ വരുത്തിയ മാറ്റങ്ങൾ ആരുടെ നിർദേശപ്രകാരമാണെന്ന് വിശദമായി പരിശോധിക്കുമെന്നും കോടതി അറിയിച്ചു.
പുതിയ വോട്ടർ രജിസ്ട്രേഷനായി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ പഴയ വോട്ടർപട്ടികയിലെ വിവരങ്ങളോ 2002-ലെ വോട്ടർപട്ടികയുമായുള്ള ബന്ധമോ വ്യക്തമാക്കുന്ന അധിക സത്യവാങ്മൂലം സമർപ്പിക്കണമെന്ന വ്യവസ്ഥയാണ് വിവാദമായത്.
പുതിയ ഫോം ആറിലെ വ്യവസ്ഥകൾ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്നും ഫോമിൽ മാറ്റങ്ങൾ വരുത്താൻ സുപ്രീം കോടതി അനുമതി നൽകിയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബിഹാറിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച് വിധി പ്രസ്താവിച്ച സമയത്ത് പുതിയ വ്യവസ്ഥകൾ നിലവിലുണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഫോമിലെ വ്യവസ്ഥകൾ പരിഷ്കരിച്ചത് ആരുടെ ഉത്തരവുപ്രകാരമാണെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട മറ്റ് പ്രധാന ഹർജികൾക്കൊപ്പം ഈ മാസം 27-ന് കോടതി വീണ്ടും പരിഗണിക്കും.




