തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. ഇതിൽ പി.സി. വിഷ്ണുനാഥ് മാത്രമാണ് ഔദ്യോഗിക യാത്ര നടത്തിയത്. മറ്റ് എട്ട് മന്ത്രിമാരും സ്വന്തം നിലയിലാണ് വിദേശയാത്ര നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രിമാരുടെ വിദേശയാത്രകളുടെ ചെലവ് ആരാണ് വഹിച്ചതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. എന്നാൽ യാത്രകളിലെ സ്പോൺസർഷിപ്പ് വിവരങ്ങൾ മറച്ചുവെക്കുന്നില്ലെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.
ഔദ്യോഗിക വിദേശയാത്രകളുടെ ചെലവ് സർക്കാർ വഹിക്കുന്നതാണ്. മന്ത്രിമാരുടെ യാത്രയ്ക്കും താമസത്തിനും സ്പോൺസർഷിപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഔദ്യോഗിക യാത്രകളിലെ താമസവുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടത്തിൽ വ്യവസ്ഥകളുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി.




