തൃശ്ശൂർ: നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ വിളിച്ച സർവകക്ഷി യോഗം പ്രതിഷേധത്തിൽ അവസാനിച്ചു. യോഗം നടക്കുന്നതിനിടെ ടോൾ പിരിവ് ആരംഭിച്ചതിനെ തുടർന്ന് എൽഡിഎഫ്, യുഡിഎഫ് പ്രതിനിധികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ പ്രവർത്തകർ കലക്ടറേറ്റിന്റെ പ്രധാന കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വിഷയത്തിൽ ജില്ലാ കലക്ടറുടെ നിലപാട് സംശയാസ്പദമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ആരോപിച്ചു. രാഷ്ട്രീയ പാർട്ടികളോടുള്ള അവഹേളനമാണ് ഉണ്ടായതെന്ന് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനും പ്രതികരിച്ചു. ടോൾ പിരിവ് അനുവദിക്കില്ലെന്ന നിലപാടിലാണ് യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ.
വിഷയത്തിൽ ഇന്ന് വൈകുന്നേരം നാട്ടികയിൽ പ്രതിഷേധം സംഘടിപ്പിക്കും. ടോൾ പിരിവിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. നിർമാണം പൂർത്തിയാകാതെ ടോൾ പിരിക്കരുതെന്നാണ് ബിജെപിയുടെ നിലപാട്.
പല സ്ഥലങ്ങളിലും സർവീസ് റോഡുകൾ ഇല്ലെന്നും നടപ്പാലങ്ങൾ സ്ഥാപിച്ചിട്ടില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സുജയ് സേനൻ ആവശ്യപ്പെട്ടു.




