ഭുവനേശ്വർ: മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയ നിയമവിദ്യാർഥി വീണ്ടും വാഹനാപകടക്കേസിൽ അറസ്റ്റിൽ. ഒഡിഷയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകനായ സൗമ്യ രഞ്ജൻ റാഥാണ് പുതിയ കേസിൽ പ്രതിയായത്. ഇലക്ട്രിക് കാർ അമിതവേഗത്തിൽ ഓടിച്ച് നാലുപേരെ ഇടിച്ചുവീഴ്ത്തിയെന്നാണ് കേസ്.
തിങ്കളാഴ്ച പുലർച്ചെയാണ് ഭുവനേശ്വറിൽ സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം റോഡരികിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ സൗമ്യ രഞ്ജനും കടയുടമ തപൻ ദാസും തമ്മിൽ തർക്കമുണ്ടായി. സുഹൃത്തുക്കൾ ഇടപെട്ട് തർക്കം അവസാനിപ്പിച്ചെങ്കിലും പിന്നാലെ സൗമ്യ രഞ്ജൻ ഇലക്ട്രിക് കാർ കടയുടമയുടെ നേർക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
സംഭവത്തിൽ കടയിലെ ജീവനക്കാർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റു. റോഡിലുണ്ടായിരുന്ന ആളുകൾ കാർ തടഞ്ഞുനിർത്തി സൗമ്യ രഞ്ജനെ പിടികൂടി പൊലീസിന് കൈമാറി. വൈദ്യപരിശോധനയിൽ ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി വ്യക്തമായെന്നും റിപ്പോർട്ടുകളുണ്ട്.
നേരത്തെയും വാഹനാപകടക്കേസിൽ സൗമ്യ രഞ്ജൻ പ്രതിയായിരുന്നു. ജൂലൈയിൽ മദ്യലഹരിയിൽ ബെൻസ് കാർ ഓടിച്ച് 20 വയസ്സുകാരന്റെ മരണത്തിന് കാരണമായെന്നാണ് കേസ്. ഈ സംഭവത്തിൽ ഇയാളുടെ ഡ്രൈവിങ് ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കിയിരുന്നു. ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം സുഹൃത്തുക്കൾക്കൊപ്പം ആഘോഷത്തിനിടെ മദ്യപിച്ചാണ് വീണ്ടും വാഹനമോടിച്ചതെന്നാണ് റിപ്പോർട്ട്.




