പാലക്കാട്: പാലക്കാട് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറും ചിറ്റിലഞ്ചേരി സ്വദേശിയുമായ ഷഫാദിനെയാണ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥൻ ഇടിവള ഉപയോഗിച്ച് വിദ്യാർഥികളെ മർദിച്ചെന്നാണ് പരാതി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയവർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു പ്രതിഷേധം. പെട്ടെന്ന് പ്രഖ്യാപിച്ച സമരമായതിനാൽ ബാരിക്കേഡുകൾ എത്തിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തകരെ തടഞ്ഞു.
പൊലീസിന്റെ നിയന്ത്രണം മറികടന്ന് പ്രവർത്തകർ സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ചതോടെ ഇരുവിഭാഗവും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. ഇതിനിടെ ചില പ്രവർത്തകർ മതിൽ ചാടി റെയിൽവേ സ്റ്റേഷനിലേക്ക് കടന്നതോടെ പൊലീസ് ലാത്തിവീശി. സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കാനും പൊലീസ് ശ്രമിച്ചു.
ഇതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരൻ മദ്യപിച്ചിരുന്നതായും കൈയിലെ ഇടിവള ഉപയോഗിച്ച് വിദ്യാർഥികളെ മർദിച്ചതായും എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചത്. കൈക്ക് പരിക്കേറ്റെന്നു പറഞ്ഞ് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ പൊലീസ് ജീപ്പിൽ സ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.
പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ സംയുക്തമായി ടൗൺ നോർത്ത് സ്റ്റേഷനിലെത്തി ഡിവൈഎസ്പിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. തുടർന്ന് നടത്തിയ രക്തപരിശോധനയിൽ ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.




