മലപ്പുറം: പോരൂർ ചെറുകോട് പെട്രോൾ പമ്പിന്റെ ചില്ല് തകർത്ത് അകത്തുകയറി 12,000 രൂപയോളം കവർന്ന കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഷാജഹാൻ (51) പിടിയിൽ. കേരളത്തിലും പുറത്തുമായി 150 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു മോഷണം. ഇരുമ്പുവടി ഉപയോഗിച്ച് പെട്രോൾ പമ്പിന്റെ ചില്ല് തകർത്താണ് പ്രതി അകത്തുകയറിയത്. തുടർന്ന് മേശയിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന് രക്ഷപ്പെടുകയായിരുന്നു.
പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. അർധരാത്രിയോടെ കെഎസ്ആർടിസി ബസിൽ വണ്ടൂരിലെത്തിയ ഷാജഹാൻ മോഷണത്തിനുശേഷം മറ്റൊരു ബസിൽ പെരിന്തൽമണ്ണ ഭാഗത്തേക്ക് കടന്നതായും പൊലീസ് കണ്ടെത്തി.
മോഷ്ടിച്ച പണം ഉപയോഗിച്ച് ബാറിൽനിന്ന് വിലകൂടിയ മദ്യം വാങ്ങിക്കുടിച്ചതായി പ്രതി മൊഴി നൽകിയെന്നാണ് വിവരം. സ്വന്തം ആവശ്യങ്ങൾക്കായാണ് പണം ചെലവഴിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
ഒരു മാസം മുമ്പാണ് ഷാജഹാൻ പെരിന്തൽമണ്ണ സബ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് വീണ്ടും മോഷണക്കേസിൽ പിടിയിലായത്. വർഷങ്ങൾക്കുമുമ്പ് വണ്ടൂരിൽ നടന്ന മറ്റൊരു പെട്രോൾ പമ്പ് മോഷണക്കേസിലും ഇയാൾ കൂട്ടുപ്രതിയായിരുന്നു.
വണ്ടൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സ്വയംപ്രഭ, ഷിഫിൻ കുപ്പനത്ത്, സ്ക്വാഡ് അംഗങ്ങളായ കെ.ടി. ആസിഫ് അലി, സാബിറലി, പി. സജീഷ്, സി.കെ. സജേഷ്, എം. കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.




