കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ തനിഷ്ത സാഹ എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊൽക്കത്തയിലെ കാളിഘട്ടിലുള്ള മമതയുടെ വസതിക്ക് പുറത്തുവച്ചാണ് ആക്രമണശ്രമമുണ്ടായതെന്നാണ് പരാതി. ദുർഗാപൂജ പന്തൽ ഉദ്ഘാടനത്തിനായി വീട്ടിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് യുവതി മമതയ്ക്ക് സമീപമെത്തിയത്.
സുരക്ഷാവലയം ഭേദിച്ച് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തടയുകയായിരുന്നു. കസ്റ്റഡിയിലുള്ള യുവതി മമത ബാനർജിയുടെ അനന്തരവളാണെന്ന് അവകാശപ്പെട്ടതായി മമതയുടെ അടുത്ത അനുയായിയും എംപിയുമായ ഡോല സെൻ ആരോപിച്ചു. ഡോല സെൻ കാളിഘട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
യുവതി ലഹരിയിലായിരുന്നുവെന്നും അസഭ്യം പറയുകയും വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നുമാണ് ഡോല സെൻ പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
സെഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിക്കെതിരെ ആക്രമണശ്രമമുണ്ടായെന്ന പരാതിയിൽ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് കടുത്ത ആശങ്ക രേഖപ്പെടുത്തി.




