ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുൻ മന്ത്രിയുമായ കെ. പൊന്മുടിക്കെതിരായ കള്ളപ്പണക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) തിരിച്ചടിയായിരിക്കുകയാണ് കോടതി നടപടി. പൊന്മുടിയും മകനും പ്രതികളായ കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
2006 മുതൽ 2011 വരെ ഖനിവകുപ്പ് മന്ത്രിയായിരുന്ന കാലത്ത് അനധികൃത ചെമ്മണ്ണ് ഖനനത്തിലൂടെ സർക്കാരിന് 28 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഖനനത്തിലൂടെ ലഭിച്ച പണം പൊന്മുടിയും മകനും ഹവാല ഇടപാടുകളിലൂടെ വിദേശത്തേക്ക് കടത്തിയെന്നായിരുന്നു ഇഡിയുടെ ആരോപണം.
എന്നാൽ, കള്ളപ്പണക്കേസ് രജിസ്റ്റർ ചെയ്യാൻ അടിസ്ഥാനമായ വിജിലൻസ് കേസ് വിചാരണ കോടതി ഏപ്രിലിൽ തള്ളിയിരുന്നുവെന്ന് പൊന്മുടി കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതോടെ ഇഡിയുടെ തുടർനടപടികൾ നിലനിൽക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് മദ്രാസ് ഹൈക്കോടതി പൊന്മുടിക്കെതിരായ കേസ് റദ്ദാക്കിയത്. കേസിൽ ഇഡിയുടെ നടപടികൾക്ക് കോടതി ഉത്തരവ് തിരിച്ചടിയായിരിക്കുകയാണ്.



