കൊച്ചി: യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ഭൂപരിഷ്കരണ പദ്ധതിയായ ‘ഭൂപരിഷ്കരണം 2.0’ക്കെതിരെ വിമർശനവുമായി ഭൂഅവകാശ സമിതി. പദ്ധതി നടപ്പാക്കിയാൽ ഭൂരഹിതരായ ദളിതർ, ആദിവാസികൾ, തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഭൂമി ലഭിക്കില്ലെന്നാണ് സമിതിയുടെ ആരോപണം. വികസനാവശ്യങ്ങൾക്കായി ഭൂമി കണ്ടെത്താനുള്ള ലാൻഡ് പൂളിങ് സംവിധാനവും ഫലപ്രദമായി നടപ്പാകില്ലെന്ന് സമിതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
തോട്ടം ഭൂമി ബഹുവിള കൃഷിക്കായി മാറ്റുന്നതിനും ഭൂപരിധി പുനർനിർണയിക്കുന്നതിനും പൊതുആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നത് എളുപ്പമാക്കുന്നതിനുമുള്ള നിയമസാധ്യതകൾ പരിശോധിക്കാനാണ് സർക്കാർ പഠനസംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് സമിതിയുടെ വിമർശനം. എന്നാൽ കേരളത്തിലെ ഭൂരഹിതരുടെ ഭൂമിപ്രശ്നം പരിഹരിക്കുന്നതിനുള്ള നിയമസാധ്യതകൾ പരിശോധിക്കാൻ പഠനസംഘത്തിന് നിർദേശം നൽകിയിട്ടില്ലെന്നും ഇത് യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽനിന്നുള്ള പിന്മാറ്റമാണെന്നും സമിതി ആരോപിച്ചു.
വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ ചിലർ കൈവശംവെച്ചിരിക്കുന്ന വിദേശ തോട്ടങ്ങൾ ഏറ്റെടുത്ത് ഭൂരഹിതർക്ക് നൽകുമെന്നായിരുന്നു യുഡിഎഫിന്റെ വാഗ്ദാനം. മധ്യതിരുവിതാംകൂറിൽ മാത്രം അഞ്ചര ലക്ഷം ഏക്കർ ഭൂമി വിദേശ തോട്ടങ്ങളായി ഉണ്ടെന്നും അത് സർക്കാരിന് ഏറ്റെടുക്കാനാകുമെന്നും ഡോ. രാജമാണിക്യം ഐഎഎസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി.
തോട്ടങ്ങൾ ബഹുവിള കൃഷിക്കായി മാറ്റാനും ഭൂപരിധിയിൽ ഇളവ് നൽകാനും അനുമതി ലഭിച്ചാൽ നിയമവിരുദ്ധമായി കൈവശംവെച്ചിരിക്കുന്ന ഭൂമി തരംമാറ്റുന്നതിനും മുറിച്ചുവിൽക്കുന്നതിനും വഴിയൊരുങ്ങുമെന്ന് സമിതി മുന്നറിയിപ്പ് നൽകി. ഭൂപരിധി നിയമം ലംഘിച്ച് ഭൂമി കൈവശംവെച്ചിരിക്കുന്നവർക്ക് ഇതിലൂടെ നിയമത്തിന്റെ പഴുത് ലഭിക്കുമെന്നും ഭൂമി സംബന്ധിച്ച കേസുകൾ ദുർബലമാകുമെന്നും സമിതി ആരോപിച്ചു.
ഭൂപരിധി നിയമം ഭേദഗതി ചെയ്യുന്നത് പുതിയ ഭൂപ്രമാണിത്തത്തിനും കോർപ്പറേറ്റ് ഭൂവുടമസ്ഥതയ്ക്കും വഴിയൊരുക്കുമെന്നും സമിതി വിമർശിച്ചു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വിദേശ തോട്ടങ്ങൾ ഏകദേശം പത്ത് ലക്ഷം ഏക്കറോളം വരുമെന്നാണ് സമിതിയുടെ കണക്ക്. ഈ ഭൂമി ഏറ്റെടുത്ത് ഭൂരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വികസനാവശ്യങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിനുമുള്ള സാധ്യത സർക്കാർ അട്ടിമറിക്കുകയാണെന്നും സമിതി ആരോപിച്ചു. വിനോദസഞ്ചാര വികസനത്തിനായി തണ്ണീർത്തട നിയമത്തിൽ മാറ്റം വരുത്താനുള്ള നീക്കം മത്സ്യത്തൊഴിലാളികളെയും കർഷകരെയും ദോഷകരമായി ബാധിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യാനുള്ള പഠനസംഘത്തിന്റെ ദൗത്യം അവസാനിപ്പിക്കണമെന്നും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതുപോലെ വിദേശ തോട്ടങ്ങൾ ഏറ്റെടുക്കണമെന്നും ഭൂഅവകാശ സമിതി ആവശ്യപ്പെട്ടു. കോളനികളിലും ചേരികളിലും ദുരിതമനുഭവിക്കുന്നവർക്കും മറ്റ് ഭൂരഹിതർക്കും ഭൂമി ലഭിക്കുന്നതിനുള്ള സാധ്യതകൾ ഇല്ലാതാക്കരുതെന്നും സമിതി വ്യക്തമാക്കി.
ഭൂപ്രശ്നത്തിന് പരിഹാരം തേടി നവംബർ ഏഴ് മുതൽ കാസർഗോഡ് ജില്ലയിൽനിന്ന് തിരുവനന്തപുരത്തേക്ക് ‘ഭൂഅവകാശയാത്ര’ നടത്തുമെന്നും സമിതി അറിയിച്ചു. നവംബർ അവസാനവാരം തിരുവനന്തപുരത്ത് ‘ലാൻഡ് കോൺക്ലേവ്’ സംഘടിപ്പിക്കും. സമഗ്ര ഭൂപരിഷ്കരണത്തിനായി ഭൂരഹിതരുടെ ബദൽ നിർദേശങ്ങളും ഇതിലൂടെ തയ്യാറാക്കും. കോൺക്ലേവിന്റെ വിശദാംശങ്ങൾ തീരുമാനിക്കുന്നതിനായി ഒക്ടോബർ 17ന് എറണാകുളം ഗാന്ധിഭവനിൽ ഭൂഅവകാശ സമിതിയുടെ സംസ്ഥാന സമിതി യോഗം ചേരും.
സമഗ്ര ഭൂപരിഷ്കരണത്തിലൂടെ ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി വിവിധ സംഘടനകൾ ചേർന്ന് രൂപീകരിച്ച പൊതുവേദിയാണ് ഭൂഅവകാശ സമിതി. എം. ഗീതാനന്ദൻ, എം.കെ. ദാസൻ, കെ. അംബുജാക്ഷൻ, ഐ.ആർ. സദാനന്ദൻ, എ.കെ. ഭാസ്കരൻ, കെ.കെ. ജയന്തൻ എന്നിവർ ചേർന്നാണ് പ്രസ്താവന പുറത്തിറക്കിയത്.




